• 02 Dec 2020
  • 08: 54 PM
Latest News arrow

കെഎം ഷാജി എംഎല്‍എയെ വധിക്കാന്‍ മുംബൈ അധോലോകം; സുരക്ഷ കൂട്ടിയെന്ന് യതീഷ് ചന്ദ്ര; പ്രതിയ്ക്കായി തിരച്ചില്‍ ഊര്‍ജിതം

കെഎം ഷാജി എംഎല്‍എയെ വധിക്കാന്‍ മുംബൈ അധോലോകവുമായി ചേര്‍ന്ന് ഗൂഢാലോചന നടന്നു എന്ന കേസിന്റെ അന്വേഷണം താന്‍ നേരിട്ട് നിരീക്ഷിക്കുകയാണെന്ന് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര. കെഎം ഷാജിയ്ക്ക് വേണ്ടിയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒപ്പം ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇമെയിലില്‍ കെഎം ഷാജി എംഎല്‍എയ്ക്ക് ചോര്‍ത്തിക്കൊടുത്തത് ആരാണെന്ന് സംബന്ധിച്ച വിവരം ഗൂഗിളിനോട് ആരാഞ്ഞിട്ടുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

യതീഷ് ചന്ദ്രയുടെ വാക്കുകളിലേക്ക്...

ഇങ്ങിനെയൊരു കേസ് വന്നപ്പോള്‍ തന്നെ വളരെ ഗൗരവത്തോടെയാണ് പൊലീസ് എടുത്തിരിക്കുന്നത്. അതിന് വേണ്ടി കണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഞാന്‍ നേരിട്ട് ഓരോ ദിവസവും അപ്‌ഡേറ്റ് ആവശ്യപ്പെടുന്നുണ്ട്. പിന്നെ പ്രതിയെന്ന് പറയുന്ന ഒരാളെ ഇതുവരെ കിട്ടിയിട്ടില്ല. എന്തായാലും കിട്ടും. അതിന് മുമ്പ് തെളിവ് ശേഖരണമാണ് ഇപ്പോള്‍ നടത്തുന്നത്. തെളിവുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് അടുത്ത നടപടികളിലേക്ക് പോകും.

നിലവില്‍ എംഎല്‍എയ്ക്കുള്ള പൊലീസ് സംരക്ഷണം ഞങ്ങള്‍ കൂട്ടിക്കൊടുത്തിട്ടുണ്ട്. ആ ഏരിയയിലുള്ള ഇന്റലിജന്‍സ് സംവിധാനവും വര്‍ധിപ്പിച്ചു. ഇത്രയുമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.