• 20 Oct 2020
  • 07: 55 AM
Latest News arrow

ഇന്ന് ഒരു സിദ്ദിഖ് കാപ്പന്‍; നാളെ അത് നമ്മളാകാം

മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായിട്ട് രണ്ടാഴ്ച പിന്നിടുന്നു. ഇപ്പോള്‍ കിട്ടുന്ന ഏറ്റവും പുതിയ വിവരം ഒരു കേസു കൂടി അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നു എന്നതാണ്. ഹത്രാസില്‍ കലാപത്തിന് ശ്രമിച്ചുവെന്നതാണ് പുതിയ കേസ്. ഇതില്‍ വിചിത്രമായ കാര്യം സിദ്ദിഖ് കാപ്പന്‍ അഞ്ചാം തിയതിയാണ് ഹത്രാസിലേക്ക് പോകുന്നത്. ഹത്രാസില്‍ കലാപത്തിന് ശ്രമിച്ചുവെന്ന് പറഞ്ഞ് പൊലീസ് അവിടെ രജിസ്റ്റര്‍ ചെയ്ത കേസ് നാലാം തിയതിയാണ്. അത്രമാത്രം തലകീഴായി മറിഞ്ഞിരിക്കുകയാണ് നിയമവ്യവസ്ഥിതി. മാധ്യമപ്രവര്‍ത്തനം കുറ്റകരമാകുന്ന ഗുരുതരമായ സ്ഥിതി വിശേഷത്തിലൂടെയാണ് നാം കടന്നുപോകുന്നത്. 

സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം ഇന്ന് മലപ്പുറത്ത് അനിശ്ചിതകാല സമരം തുടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് മക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് സമരം നടത്തുന്നത്. ജോലിയോട് തികഞ്ഞ ആത്മാര്‍ത്ഥത പുലര്‍ത്തുന്ന സിദ്ദിഖ് കാപ്പന്‍, മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സംഘടനയിലല്ലാതെ മറ്റൊരു സംഘടനയിലും പ്രവര്‍ത്തിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ വ്യക്തമാക്കുന്നു. അത്തരത്തില്‍ തൊഴില്‍പരമായ ആവശ്യത്തിനായി യാത്ര ചെയ്ത ഒരാളെയാണ് ഭീകരമായ നിയമങ്ങള്‍ ചുമത്തിക്കൊണ്ട് തടവിലാക്കിയിരിക്കുന്നത്. 

സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യു പറയുന്നതിങ്ങനെ...

''സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്യുന്നത് അഞ്ചാം തിയതി 4.50നാണ്. എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് നമ്മുക്ക് യാതൊരു വിവരവും കിട്ടാത്ത സാഹചര്യമായിരുന്നു അപ്പോള്‍. പിറ്റേന്ന്, ആറാം തിയതി രാവിലെ തന്നെ നമ്മള്‍ സുപ്രീംകോടതിയില്‍ ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. എന്നാല്‍ എഴാം തിയതി രാവിലെ 6.15ന് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ മറ്റ് ഐടി ആക്ടുകളും ഐപിസി ഒഫന്‍സുകളും എല്ലാം കൂടി ചേര്‍ത്ത് പുള്ളിയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണ്. കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റിന്റെ ആള്‍ക്കാരാണ് സുപ്രീംകോടതിയില്‍ പരാതി നല്‍കിയത്. സുപ്രീംകോടതിയില്‍ കപില്‍ സിബല്‍ നമ്മുക്ക് വേണ്ടി ഹാജരായി. കപില്‍ സിബല്‍ പറഞ്ഞു, ''യുപിയില്‍ നിന്ന് നമ്മള്‍ നീതി പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടാണ് സുപ്രീംകോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തത്'' എന്ന്. 

സിദ്ദിഖ് കാപ്പനെ അന്ന് ലോക്കല്‍ കോടതിയില്‍ ഹാജരാക്കിയത് പത്ത് ഇരുപതോളം ബ്ലാക്ക് ക്യാറ്റ്‌സിന്റെ അകമ്പടിയോടെയാണ്. അപ്പോള്‍ തന്നെ നമ്മുടെ വക്കീല്‍ സിദ്ദിഖ് കാപ്പനെ കണ്ട് അദ്ദേഹത്തിന്റെ വക്കാലത്ത് ഒപ്പിട്ട് വാങ്ങാനുള്ള എല്ലാ ശ്രമവും നടത്തിയിരുന്നു. എന്നാല്‍ അപ്പോള്‍ ജഡ്ജി പറഞ്ഞത്...''നിങ്ങള്‍ ജയിലില്‍ പോവുക, ജയിലില്‍ പോയി പുള്ളീനെ കണ്ട് വക്കാലത്ത് മെമ്മോ വാങ്ങിക്കുക. ഇവിടെ നിന്ന് പറ്റത്തില്ല'' എന്നാണ്. ആരെയും ആ കോടതിയിലേക്ക് കയറാന്‍ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു.

ജയിലില്‍ ചെന്നപ്പോള്‍ വളരെ സങ്കടകരമായ അവസ്ഥയാണ്. കാപ്പനെ കാണണം എന്ന് പറഞ്ഞപ്പോള്‍ കടത്തിവിട്ടില്ല. പിന്നെ ഐഡന്റിറ്റി കാര്‍ഡും മറ്റും കാണിക്കുകയും കോടതിയില്‍ നിന്നാണ് വരുന്നതെന്ന് പറയുകയും ചെയ്തപ്പോള്‍ ജയില്‍ ഉദ്യോഗസ്ഥനെ കാണാന്‍ സാധിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു കോടതിയുടെ നിര്‍ദേശമില്ലാതെ കാപ്പനെ കാണിക്കില്ലെന്ന്. ഞങ്ങള്‍ ഒരു പന്ത്രണ്ടരയോടെ തിരിച്ച് കോടതിയിലെത്തി ആപ്ലിക്കേഷന്‍ ഫയല്‍ ചെയ്തു. അപ്പോള്‍ ലഞ്ച് കഴിഞ്ഞിട്ട് വരാന്‍ പറഞ്ഞു. പിന്നെ രണ്ട് മണിയ്ക്ക് വരാന്‍ പറഞ്ഞു, മൂന്ന് മണിയ്ക്ക് വരാന്‍ പറഞ്ഞു, നാല് മണിയായി, അഞ്ചു മണിയായി. ആറ് മണി, ആറേ കാലായപ്പോള്‍ ജഡ്ജി ഉത്തരവിട്ടു, ''കാപ്പനെ കാണാന്‍ പറ്റില്ല''.

വിചിത്രമായ രീതികളാണ് ഈ കേസില്‍ നടന്നുകൊണ്ടിരിക്കുന്നത്. തുടക്കം മുതലേ നിയമലംഘനങ്ങളാണ്. സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിച്ചിട്ടില്ല. അഭിഭാഷകന് തന്റെ കക്ഷിയെ കാണാന്‍ പോലും അനുവദിച്ചിട്ടില്ല. അത്രമാത്രം ഗുരുതരമായ നിയമലംഘനങ്ങള്‍. വടക്കേ ഇന്ത്യയെക്കുറിച്ച് നമ്മള്‍ കേട്ടതെല്ലാം സത്യമാണെന്നാണ് കാപ്പന്‍ കേസ് നമ്മുക്ക് വ്യക്തമാക്കിത്തരുന്നത്.