• 20 Oct 2020
  • 08: 47 AM
Latest News arrow

പതിനെട്ടടവും പയറ്റി എം ശിവശങ്കര്‍; കൈവിടാതെ കസ്റ്റംസ്‌

തിരുവനന്തപുരം: കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ എം ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെങ്കിലും ഡിസ്‌ക്ക് തകരാറിന് വിദഗ്ധ പരിശോധന വേണമെന്ന സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. ആശുപത്രിയില്‍ ചികിത്സയിലാണെങ്കിലും കസ്റ്റംസിന്റെ നിരന്തര നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി.  

ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് അപ്രതീക്ഷിതമായി വീട്ടിലെത്തിയ കസ്റ്റംസ് സംഘം ചോദ്യം ചെയ്യാനായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നതിനിടെയാണ് ശിവശങ്കറിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. ഇസിജിയില്‍ വ്യതിയാനമുള്ളതിനാല്‍ ഐസിയുവിലേക്ക് മാറ്റി. ആഞ്ജിയോഗ്രാമില്‍ ഹൃദയത്തിന് തകരാറുകളില്ലെന്ന് വ്യക്തമായെങ്കിലും കടുത്ത പുറംവേദനയുണ്ടെന്ന് പറഞ്ഞതിനാല്‍ മറ്റ് പരിശോധനകള്‍ക്കും വിധേയനാക്കി. ഡിസ്‌ക്ക് പുറത്തേയ്ക്ക് തള്ളി കാലുകളിലേക്കുള്ള ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നുമായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. അങ്ങിനെ ശിവശങ്കറുടെ ഭാര്യ വകുപ്പ് മേധാവിയായുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.