• 20 Oct 2020
  • 09: 07 AM
Latest News arrow

എം ശിവശങ്കര്‍ ഐഎഎസിന് ഇന്ന് കൂടുതല്‍ ആരോഗ്യ പരിശോധനകള്‍; കസ്റ്റഡിയിലെടുക്കാന്‍ കാത്ത്‌ കസ്റ്റംസ്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കൂട്ടുക്കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എം ശിവശങ്കര്‍ ഐഎഎസിനെ ഇന്ന് കൂടുതല്‍ ആരോഗ്യപരിശോധനകള്‍ക്ക് വിധേയനാക്കും. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ആശുപത്രിയില്‍ നിന്ന് തന്നെ കസ്റ്റംസ് അദ്ദേഹത്തെ കൊണ്ടുപോകാനാണ് സാധ്യത. 

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇന്നലെ വൈകിട്ടാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നാടകീയ നീക്കങ്ങള്‍ നടത്തിയത്. എന്നാല്‍ കസ്റ്റംസ് വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോകുന്നതിനിടെ ശിവശങ്കര്‍ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ നീക്കം പാളി. തുടര്‍ന്ന് അദ്ദേഹം ആവശ്യപ്പെട്ടപ്രകാരം ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി വൈകി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍  എം ശിവശങ്കറിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഇസിജിയില്‍ വ്യതിയാനവും ഉണ്ടെന്ന് വ്യക്തമാക്കുന്നു. 

കാര്‍ഡിയാക് ഐസിയുവില്‍ ഹൃദ്രോഗ വിദഗ്ധരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്. ഇന്ന് രാവിലെ ഇസിജി പരിശോധനയും തുടര്‍ന്ന് ആവശ്യമെങ്കില്‍ ആഞ്ജിയോ ഗ്രാമും ചെയ്യുമെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍ എം ശിവശങ്കര്‍ ആശുപത്രിയില്‍ 24 മണിക്കൂറും നിരീക്ഷണത്തിലാണ്. എന്നാല്‍ ഇന്ന് നടക്കാനിരിക്കുന്ന ആരോഗ്യ പരിശോധനകളില്‍ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ആശുപത്രിയില്‍ നിന്ന് തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി കൊണ്ടുപോകാനാണ് കസ്റ്റംസിന്റെ നീക്കം. പ്രാഥമിക പരിശോധനയില്‍ ഇസിജി വ്യതിയാനവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ബോധ്യപ്പെട്ടതിന് ശേഷമാണ് കസ്റ്റംസിന്റെ ഡെപ്യൂട്ടി കമ്മീഷ്ണര്‍ രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ രാത്രി ആശുപത്രി വിട്ടത്. ശിവശങ്കറിന്റെ ആരോഗ്യ പരിശോധനാ ഫലങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കസ്റ്റംസിന്റെ ഇനിയുള്ള നിര്‍ണായക നീക്കങ്ങള്‍. ഇന്നും നാളെയും അവധിയായതിനാല്‍ കസ്റ്റംസിന്റെ അറസ്റ്റ് തടയുന്നതിനായി എം ശിവശങ്കറിന് കോടതിയെ സമീപിക്കാന്‍ സാധിക്കില്ല. അതിനാല്‍ ആരോഗ്യ കാരണങ്ങളില്ലെങ്കില്‍ ഒട്ടും വൈകാതെ കസ്റ്റഡിയിലെടുക്കാനാകും അന്വേഷണ സംഘത്തിന്റെ നീക്കം.