• 20 Oct 2020
  • 08: 44 AM
Latest News arrow

തന്റെ മദ്യമെടുത്ത് കുടിച്ച അച്ഛനെ മകന്‍ വെട്ടിക്കൊന്നു; അച്ഛന്റെ വെട്ടേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍

കൊച്ചി: ചേരാനെല്ലൂരില്‍ മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. മദ്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അച്ഛനും മകനും പരസ്പരം വെട്ടുകയായിരുന്നു. അച്ഛന്‍ മരിയ്ക്കുകയും മകന്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാവുകയും ചെയ്തു. വിഷ്ണുപുരം സ്വദേശി 65 വയസ്സുള്ള ഭരതനാണ് മരിച്ചത്. മകന്‍ ഉണ്ണികൃഷ്ണന്‍ തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലാണ്.

കൂലിപ്പണിക്കാരായ അച്ഛനും മകനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നു. ഇന്നലെ പണികഴിഞ്ഞ് ഒരുമിച്ച് മദ്യപിച്ചതിന് ശേഷം ഇരുവരും വീട്ടിലെത്തി. ഇതിനിടെ വിഷ്ണു വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോയി തിരിച്ചുവന്നപ്പോള്‍ കാണുന്നത് താന്‍ വാങ്ങിവെച്ച മദ്യം അച്ഛനെടുത്ത് കുടിയ്ക്കുന്നതാണ്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ ഏറെ നേരം വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ വിഷ്ണു വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് അച്ഛനെ വെട്ടി. അച്ഛന്‍ തിരിച്ച് ആ കത്തി വാങ്ങി മകനെയും വെട്ടി. 

ഭരതന്റെ തലയ്ക്ക് ആഴത്തിലുള്ള മുറിവുണ്ടാവുകയും രക്തം വാര്‍ന്നൊഴുകുകയും ചെയ്തു. രണ്ട് പേരെയും അമൃത ആശുപത്രിയിലെത്തിച്ചെങ്കിലും ഭരതന്‍ പുലര്‍ച്ചെ 2 മണിയോടെ മരിക്കുകയായിരുന്നു. വിഷ്ണു അപകടനില തരണം ചെയ്തതായാണ് അറിയുന്നത്.