• 20 Oct 2020
  • 08: 09 AM
Latest News arrow

വൃദ്ധസദനത്തിലെ മേട്രന്റെ ആത്മഹത്യ: മേലുദ്യോഗസ്ഥന്റെ പ്രതികാരവും പീഡനവും മൂലമെന്ന് ആരോപണം

കണ്ണൂര്‍ അഴീക്കോട്ടെ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ മേട്രനായിരുന്ന ജ്യോത്സന ആത്മഹത്യ ചെയ്തത് മേലുദ്യോഗസ്ഥന്റെ പീഡനം മൂലമെന്ന് കുടുംബം. നഴ്‌സിനെക്കൊണ്ട് മേട്രനെതിരെ നിര്‍ബന്ധിച്ച് പരാതി നല്‍കിച്ചെന്നും വിശദീകരണം പോലും ചോദിക്കാതെയാണ് സസ്‌പെന്‍ഷന്‍ നല്‍കിയതെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ പങ്കില്ലെന്നാണ് ആരോപണത്തിന് വിധേയനായ സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടിയുടെ പ്രതികരണം.

അഴീക്കോട് വൃദ്ധസദനത്തിലെ നഴ്‌സ് നല്‍കിയ പരാതിയില്‍ സസ്‌പെന്‍ഷനിലായി നാല് ദിവസത്തിന് ശേഷമാണ് മേട്രന്‍ ജ്യോത്സന ജീവനൊടുക്കിയത്. നഴ്‌സിനെക്കൊണ്ട് വൃദ്ധസദനത്തിലെ പുരുഷ അന്തേവാസിയെ കുളിപ്പിക്കാന്‍ നിര്‍ബന്ധിച്ചുവെന്നതായിരുന്നു പരാതി. വൃദ്ധസദനത്തിലെ സൂപ്രണ്ടിനെയോ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയോ അറിയിക്കാതെയായിരുന്നു താല്‍ക്കാലിക ജീവനക്കാരിയായ നഴ്‌സ് പരാതി തിരുവനന്തപുരത്തേയ്ക്ക് അയച്ചത്. ആറാം തിയതി പരാതി അയച്ചതിന് പിന്നാലെ എട്ടാം തിയതി മേട്രനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഷീബാ ജോര്‍ജ് ഐഎഎസ് ഉത്തരവിട്ടു. ജീവനക്കാരിയെ സ്വാധീനിച്ച് തിരുവനന്തപുരത്തേയ്ക്ക് പരാതി അയപ്പിച്ചത് സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടിയാണെന്ന് ജ്യോത്സനയുടെ കുടുംബം ആരോപിക്കുന്നു. 

2017 വരെ ഇതേ വൃദ്ധസദനത്തിലെ സൂപ്രണ്ടായിരുന്നു പവിത്രന്‍. അന്ന് ജ്യോത്സനയും പവിത്രനും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ആ പ്രതികാരമാണ് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ജില്ലാ ഓഫീസര്‍ ആയപ്പോള്‍ തീര്‍ത്തതെന്നാണ് ആരോപണം. സസ്‌പെന്‍ഷനില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് പവിത്രന്‍ കൈമലര്‍ത്തുന്നു. 

കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് വൃദ്ധസദനത്തിലെത്തി ജീവനക്കാരുടെയും അന്തേവാസികളുടെയും മൊഴിയെടുത്തു. ആത്മഹത്യയെക്കുറിച്ച് വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്. 

നഴ്‌സിനോട് മോശമായി പെരുമാറിയെന്നൊരു പരാതി വന്ന് ദിവസങ്ങള്‍ക്കകം മേട്രന്‍ സസ്‌പെന്‍ഷനിലാകുന്നു. അതും അവരോട് ഒരു വിശദീകരണം പോലും ചോദിക്കാതെ. മേലുദ്യോഗസ്ഥരുടെ പീഡനം കൊണ്ടാണ് ആത്മഹത്യയെന്ന കുടുംബത്തിന്റെ പരാതി പ്രസക്തമാകുന്നത് ഇവിടെയാണ്.