• 20 Oct 2020
  • 08: 24 AM
Latest News arrow

''പാലാ സീറ്റെന്നല്ല, ഒരു സീറ്റും മാറില്ലെന്ന് എന്‍സിപി''; ഇടതുമുന്നണിയില്‍ തര്‍ക്കം ശക്തമാകുന്നു

കോട്ടയം: പാലാ സീറ്റിനെച്ചൊല്ലി ഇടത് മുന്നണിയില്‍ തര്‍ക്കം മുറുകുന്നു. പാലാ സീറ്റ് ഉള്‍പ്പെടെ ഒരു സീറ്റും മാറില്ലെന്ന് എന്‍സിപി നേതാവ് ടിപി പീതാംബരന്‍ വ്യക്തമാക്കി. പാലാ സീറ്റ് വിട്ടു നല്‍കണമെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല. പാലാ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചയും നടന്നിട്ടില്ല. വരുന്ന തെരഞ്ഞെടുപ്പിലും പാര്‍ട്ടി നാലിടത്ത് മത്സരിക്കുമെന്ന് എന്‍സിപി നേതൃയോഗത്തിന് മുന്നോടിയായി ടിപി പീതാംബരന്‍ പറഞ്ഞു.

കൊച്ചിയില്‍ ചേരുന്ന നേതൃയോഗത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ ചേര്‍ന്നതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തും. പാലാ സീറ്റിനെ ചൊല്ലി മുന്നണി വിടുന്നതില്‍ പാര്‍ട്ടിയില്‍ മന്ത്രി എകെ ശശീന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് യോജിപ്പില്ല. മാണി സി കാപ്പന്‍ യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന എംഎം ഹസ്സന്റെ പ്രസ്താവനയും യോഗത്തില്‍ ചര്‍ച്ചയാകും.