• 20 Oct 2020
  • 08: 41 AM
Latest News arrow

മലയാളത്തിന്റെ ഇതിഹാസ കവി വിടവാങ്ങി

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. രാവിലെ 7.55ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്ക് പുറമേ, മൂത്രാശയ രോഗങ്ങളും കരള്‍ രോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. 

എട്ട് പതിറ്റാണ്ട് നീണ്ട കാവ്യജീവിതമാണ് അക്കിത്തത്തിന്റേത്. കവി, ചെറുകഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളില്‍ എഴുത്ത് ജീവിതം കരുപ്പിടിപ്പിച്ചു. 2019 ല്‍ അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ഈ പുരസ്‌കരം അദ്ദേഹത്തിന് വീട്ടിലെത്തി നല്‍കിയിരുന്നു. 

1926 മാര്‍ച്ച് 18ന് പാലക്കാട് കുമരനെല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകനായി അച്യുതന്‍ നമ്പൂതിരി ജനിച്ചു. ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടി. 1946 മുതല്‍ മൂന്ന് കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. തുടര്‍ന്ന് ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിന് ഇറങ്ങി. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ചു. 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമൊക്കെയായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തം മലയാള സാഹിത്യ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിന് ശേഷം, സ്പര്‍ശമണികള്‍, അഞ്ച് നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് അക്കിത്തത്തിന്റെ പ്രധാന കൃതികള്‍. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. 

ബലിദര്‍ശനം എന്ന കൃതിയ്ക്ക് 1972ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1973ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008ലെ എഴുത്തച്ഛന്‍ പുരസ്‌കാരം, 2012ലെ വയലാര്‍ അവാര്‍ഡ്, 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം, 2017ലെ പത്മശ്രീ പുരസ്‌കാരം, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തിദേവി പുരസ്‌കാരം എന്നിവ നല്‍കിയും സാഹിത്യലോകം അദ്ദേഹത്തെ ആദരിച്ചു.