• 20 Oct 2020
  • 08: 05 AM
Latest News arrow

സ്വാമി ചിന്മയാനന്ദിനെതിരായ ബലാത്സംഗ ആരോപണം; പെണ്‍കുട്ടി കൂറുമാറി

ലക്‌നൗ: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്‍മയാനന്ദനെതിരായി ബലാത്സംഗം ആരോപിച്ച പെണ്‍കുട്ടി കൂറുമാറി. ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലായെന്ന് ലക്‌നൗവിലെ പ്രത്യേക കോടതി മുമ്പാകെ പെണ്‍കുട്ടി മൊഴി നല്‍കി. പ്രതിജ്ഞ ലംഘിച്ച് കള്ളം പറഞ്ഞതിന് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. 

സ്വാമി ചിന്‍മയാനന്ദ നടത്തുന്ന ഷാജഹാന്‍പൂരിലെ കോളേജിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിനി കഴിഞ്ഞ വര്‍ഷമാണ് ബലാത്സംഗ ആരോപണവുമായി രംഗത്തെത്തിയത്. അഹമ്മദാബാദ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം സ്വാമി ചിന്‍മയാനന്ദനെതിരായ കേസ് ലക്‌നൗവിലെ പ്രത്യേക കോടതി കേള്‍ക്കുന്നതിനിടെയാണ് ബലാത്സംഗ ആരോപണത്തില്‍ നിന്ന് നിയമവിദ്യാര്‍ത്ഥിനി പിന്‍മാറുന്നത്. 

പ്രോസിക്യൂഷന്‍ ചാര്‍ജ് ചെയ്തതുപോലെ ഒരു ആരോപണവും സ്വാമി ചിന്‍മയാനന്ദനെതിരെ ഉന്നയിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി കോടതി മുമ്പാകെ വ്യക്തമാക്കി. ഉടനെ പ്രോസിക്യൂഷന്‍ പ്രതിജ്ഞാ ലംഘനം നടത്തി കള്ള സാക്ഷ്യം പറഞ്ഞതിന് ക്രിമിനല്‍ നടപടിച്ചട്ടം 340-ാം വകുപ്പ് പ്രകാരം പെണ്‍കുട്ടിയ്‌ക്കെതിരെ അപേക്ഷ നല്‍കി. അപേക്ഷ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയ പ്രത്യേക കോടതി ജഡ്ജി പികെ റോയ് അപേക്ഷയുടെ പകര്‍പ്പ് പെണ്‍കുട്ടിയ്ക്കും സ്വാമി ചിന്‍മയാനന്ദിനും നല്‍കാന്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും.