• 20 Oct 2020
  • 09: 00 AM
Latest News arrow

''ചതിച്ചു, അപമാനിച്ചു, തകര്‍ക്കാന്‍ ശ്രമിച്ചു''; ഇടത് മുന്നണിയിലേക്ക് ചേക്കേറി ജോസ് കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോസ് കെ മാണി. കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന തീരുമാനമാകും ഇത്. രാജ്യസഭാ എംപി സ്ഥാനം രാജിവെയ്ക്കും. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജിയെന്നും ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

നിലവില്‍ ഒരു ഉപാധിയുമില്ലാതെയാണ് ഇടതുമുന്നണിയിലേക്ക് പോകുന്നത്. സീറ്റുകളുടെ കാര്യത്തില്‍ ഇടത് മുന്നണി മാന്യമായി ഇടപെടുമെന്നാണ് കരുതുന്നത്. പാലാ ഹൃദയവികാരമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. 

യുഡിഎഫില്‍ നിന്ന് പുറത്തായ ശേഷമാണ് ജോസ് വിഭാഗം ഇടത് പക്ഷത്തിലേക്ക് ചേക്കേറിയിരിക്കുന്നത്. തന്റെ പക്ഷത്തുള്ള പ്രധാന നേതാക്കളെയെല്ലാം ഒപ്പം കൂട്ടിയായിരുന്നു മുന്നണി പ്രവേശം പ്രഖ്യാപിച്ചുകൊണ്ടുള്ള ജോസ് കെ മാണിയുടെ വാര്‍ത്താ സമ്മേളനം. റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ്, തോമസ് ചാഴിക്കാടന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. അതേസമയം തോമസ് ചാഴിക്കാടന്‍ എംപി സ്ഥാനം രാജിവെയ്ക്കില്ല. 

ജോസ് കെ മാണിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍...

''38 വര്‍ഷക്കാലം ഉയര്‍ച്ചയിലും താഴ്ച്ചയിലും ഒപ്പം നിന്ന കെഎം മാണിയെ യുഡിഎഫ് അപമാനിച്ചു. കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത അനീതിയാണ് നേരിട്ടത്. പാലാ തിരഞ്ഞെടുപ്പില്‍ ചതിയുണ്ടായി. നിയമസഭയ്ക്ക് അകത്തും അപമാനമുണ്ടായി. പല തവണ ഉന്നയിച്ചിട്ടും ചര്‍ച്ച ചെയ്യാന്‍ പോലും യുഡിഎഫ് തയ്യാറായില്ല. 

കെഎം മാണിയ്ക്ക് അസുഖമാണെന്ന് അറിഞ്ഞയുടന്‍ ജോസഫ് ലോക്‌സഭാ സീറ്റ് ചോദിച്ചു. മാണിയുടെ വീട് മ്യൂസിയമാക്കണമെന്ന് പോലും പറഞ്ഞു. കേരള കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പിജെ ജോസഫിന് യുഡിഎഫ് നേതാക്കള്‍ മൗനമായി സഹായം ചെയ്തു. 

വെറും ഒരു പഞ്ചായത്തിന്റെ പേരിലാണ് കേരള കോണ്‍ഗ്രസിനെ പുറത്താക്കിയത്. തിരിച്ചു മുന്നണിയിലേക്ക് എത്തിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമമുണ്ടായില്ല. വ്യക്തമായ അജണ്ടയോട് കൂടിയാണ് കേരള കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ചത്. ഒരു അജണ്ടയുടെ മുന്നിലും പാര്‍ട്ടിയെ അടിയറ വെയ്ക്കില്ല. ആത്മാഭിമാനം നഷ്ടപ്പെടുത്തി മുന്നോട്ട് പോകില്ല.