• 20 Oct 2020
  • 08: 02 AM
Latest News arrow

'ഈ കാലത്ത്' ഈ കാലത്തിന്റെ ചിത്രം

ലോക്ക്ഡൗണ്‍ സമയത്ത് അഭിനേതാക്കള്‍ ആരും തന്നെ നേരില്‍ കാണാതെയും ഒരു സീനിലോ ഒരു ഫ്രയിമിലോ ഒന്നിലധികം അഭിനേതാക്കള്‍ വരാതെയും എന്നാല്‍ ഫലത്തില്‍ നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തിലുടനീളം വന്ന് പോവുകയും ചെയ്യുന്ന തരത്തില്‍ ഒരുക്കിയ പരീക്ഷണ ചിത്രം 'ഈ കാലത്ത്' ശ്രദ്ധേയമാകുന്നു. ഒരു ഷോര്‍ട് വെബ് സിനിമയായി എടുത്തിരിക്കുന്ന ചിത്രം മലയാളത്തില്‍ തന്നെ ആദ്യമായിട്ട് ആയിരിക്കും. ലോക്ക്ഡൗണ്‍ സമയമായതിനാല്‍ ആര്‍ക്കും തന്നെ പുറത്തിറങ്ങാന്‍ പറ്റാതെ വീട്ടില്‍ തന്നെ ബോര്‍ അടിച്ച് ഇരുന്നപ്പോള്‍ തോന്നിയ ആശയമാണിതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അമല്‍ സി ബേബി പറഞ്ഞു. 

അമല്‍ സി ബേബിയുടെ വാക്കുകളിലേക്ക്....

''ഒരു അഭിനേതാവും നേരില്‍ കാണാതെ സിനിമ ഷൂട്ട് ചെയ്യുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. പക്ഷേ, ഈ കൊവിഡ് കാലത്ത് ഇങ്ങിനെയും ഒരു കൊച്ചു സിനിമ ഇറക്കിയാല്‍ എങ്ങിനെ ഇരിക്കും എന്നാണ് ഞങ്ങള്‍ ആലോചിച്ചത്. സാമൂഹിക അകലത്തിന്റെ ഭാഗമായാണ് ഒരു സീനിലോ ഒരു ഫ്രെയിമിലോ ഒന്നില്‍ കൂടുതല്‍ ആളുകള്‍ വേണ്ട എന്ന് തീരുമാനിച്ചത്. പക്ഷേ, കഥയില്‍ ഒരു സീനില്‍ ഒന്നിലും കൂടുതല്‍ ആളുകള്‍ വരുന്നുണ്ട് താനും. 

കഥ പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോഴാണ് ഇങ്ങിനെ ഒരു പരീക്ഷണം മലയാളത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും എന്ന് മനസ്സിലായത്. ഒരു മുഴുനീള സിനിമയായിട്ടാണ് 'ഈ കാലത്ത്' ആദ്യം ആലോചിച്ചിരുന്നത്. പക്ഷേ, ലോക്ക്ഡൗണ്‍ കാലത്ത് ലൊക്കേഷന്‍ ചെയ്ഞ്ചുകള്‍ക്ക് പരിമിതികള്‍ ഉള്ളതിനാല്‍ 40 മിനിറ്റ് വരുന്ന വെബ് സിനിമയാക്കി ഇറക്കുകയായിരുന്നു. 

സിനിമയിലെ ചില അഭിനേതാക്കളുടെ വീട് വളരെ ദൂരെയായതിനാല്‍ ഞങ്ങള്‍ക്ക് പോയി ഷൂട്ട് ചെയ്യാന്‍ പറ്റാതെ വന്നു. ഇതോടെ അഭിനേതാക്കള്‍ ക്യാമറ വഴി സ്വയം ഷൂട്ട് ചെയ്ത് തരികയുമായിരുന്നു. അതുകൊണ്ട് തന്നെ ഇത് യഥാര്‍ത്ഥത്തില്‍ ഒരു ലോക്ക്ഡൗണ്‍ പരീക്ഷണം തന്നെയായിരുന്നു. 

ചിത്രത്തിന്റെ അഭിനേതാക്കളും ക്രൂ മുഴുവനും തന്നെ ഞങ്ങളുടെ സൗഹൃദ വലയങ്ങളില്‍ ഉള്ളവര്‍ തന്നെയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇങ്ങിനെ ഒരു ആശയം പറഞ്ഞപ്പോള്‍ തന്നെ ഒരു രൂപ പോലും പ്രതീക്ഷിക്കാതെ മുന്നും പിന്നും നോക്കാതെ അവര്‍ എന്റെ കൂടെ ഇറങ്ങിത്തിരിച്ചത്.'' അമല്‍ സി ബേബി പറയുന്നു.

അഞ്ചാം പാതിര അടക്കം ഉള്ള ഹിറ്റ് സിനിമകളില്‍ സഹസംവിധായകനായി വര്‍ക്ക് ചെയ്തിട്ടുള്ളയാളാണ് അമല്‍ സി ബേബി. ഇദ്ദേഹം തന്നെയാണ്  'ഈ കാലത്തി'ന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകരായ വിനയന്‍, മിഥുന്‍ മാനുവല്‍ തോമസ്, സാജിദ് യഹിയ എന്നിവരുടെ സഹസംവിധായകനും ക്യാമറാമാന്‍ സഞ്ജയ് ഹാരിസിന്റെ അസിസ്റ്റന്റ് ക്യാമറാമാനും ആയിരുന്നു അമല്‍ സി ബേബി. 

നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രശസ്തനായ ബാലാജി ശര്‍മ്മ, പത്മ വ്യൂഹത്തിലെ അഭിമന്യു എന്ന ചിത്രത്തിലെ നായകനായിരുന്ന ആകാശ് ആര്യന്‍, അഞ്ചാം പാതിര സിനിമയില്‍ സൈക്കോ സൈമന്റെ ക്യാരക്ടര്‍ ചെയ്ത സുധീര്‍ സുഫി റൂമി, വിപിന്‍ കുമാര്‍ കെഎസ്, ഉണ്ണിമായ ടി എസ്, പാര്‍വ്വതി, അനീഷ് നിയോ, അജി കോളോനിയ, അവിനാഷ് ടിഎസ് എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനീഷ് നിയോ ആണ്. എഡിറ്റിങ് അഭിലാഷ് മാനന്തവാടി, മ്യൂസിക് സിബു സുകുമാരന്‍, സൗണ്ട് ഡിസൈന്‍ ധനുഷ് നായര്‍, മിക്‌സ് റബീഷ് ബി ആര്‍, ക്രിയേറ്റീവ് ഡയറക്ടര്‍ നന്ദുലാല്‍, സ്‌ക്രിപ്റ്റ് അസോസിയേറ്റ് അഞ്ജു മേരി, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ അര്‍ജുന്‍ വെണ്‍മണി, മെല്‍ബിന്‍ തോമസ്, ഡിസൈന്‍ മനു ഡാവിഞ്ചി.

ഒക്ടോബര്‍ 2ന് സ്‌റ്റോറി ഹൗസ് ക്രിയേഷന്‍ എന്ന യൂട്യൂബ് ചാനലിലൂടെ റിലീസായ 'ഈ കാലത്ത്' എന്ന പരീക്ഷണ വെബ് സിനിമയ്ക്ക് ഇതിനോടകം മികച്ച പ്രതികരണങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.