• 20 Oct 2020
  • 08: 59 AM
Latest News arrow

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: സുരാജ് വെഞ്ഞാറമ്മൂടും കനി കുസൃതിയും മികച്ച അഭിനേതാക്കള്‍

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. റഹ്മാന്‍ സഹോദരങ്ങള്‍ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. ജെല്ലിക്കെട്ടിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായി. സുരാജ് വെഞ്ഞാറമ്മൂടും കനി കുസൃതിയും മികച്ച നടീനടന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുരാജ് വെഞ്ഞാറമ്മൂടിന് പുരസ്‌കാരം.  ഇതാദ്യമായാണ് അദ്ദേഹത്തിന് സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. മുമ്പ് മികച്ച ദേശീയ നടനുള്ള പുരസ്‌കാരം സുരാജ് വെഞ്ഞാറമ്മൂടിന് ലഭിച്ചിരുന്നു.

ബിരിയാണി എന്ന ചിത്രത്തിലെ അഭിനയമാണ് കനി കുസൃതിയെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. കുമ്പളിങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിലിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരവും വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയിക്ക് മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളിയും ഹെലനിലെ അഭിനയത്തിന് അന്ന ബെന്നും പ്രത്യേക ജൂറി പരാമര്‍ശം കരസ്ഥമാക്കി.

മന്ത്രി എകെ ബാലനാണ് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയര്‍മാന്‍. സംവിധാകയകരായ സലീം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എഞ്ചിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി സി അജോയ് എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.