• 20 Oct 2020
  • 08: 57 AM
Latest News arrow

പാര്‍വ്വ 'തീ':പുറപ്പെട്ടുപോയ വാക്കുകള്‍ക്ക് പരിഹാരം മാപ്പ്‌

നട്ടല്ലെുള്ള പെണ്ണുങ്ങളാണ് എന്നും ഉണ്ടാവേണ്ടത്. നിലപാടുകള്‍ തന്റേടത്തോടെ പറയാനും മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രസ്താവനകളെ നഖശിഖാന്തം എതിര്‍ക്കാനും ശേഷിയുള്ള പെണ്ണുങ്ങള്‍. നടി ഭാവനയെ മരിച്ചവരുമായി താരതമ്യം ചെയ്ത ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജിവെച്ച നടി പാര്‍വ്വതിയെപ്പോലുള്ളവരെ.

നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപിനെ സംരക്ഷിക്കുകയും നടിയെ അവഗണിക്കുകയും ചെയ്ത സംഘടനയാണ് 'അമ്മ'.  അമ്മയുടെ ജനറല്‍ സെക്രട്ടറിയായ അദ്ദേഹത്തില്‍ നിന്ന് ഇപ്പോള്‍ ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ ഉണ്ടായിരിക്കുന്നത് തികച്ചും നീതീകരിക്കാനാകാത്ത പ്രസ്താവനയാണ്. 

ഭാവനയുണ്ടാകുമോ അടുത്ത ട്വന്റി ട്വന്റിയില്‍ എന്നായിരുന്നു ഒരു ന്യൂസ് ചാനലിന്റെ അഭിമുഖത്തില്‍ ഇടവേള ബാബുവിനോട് ചോദിച്ച ചോദ്യം. അതിന് ഇടവേള ബാബു നല്‍കിയ മറുപടി ഇങ്ങിനെ...
''ഇപ്പോ ഭാവന അമ്മയിലില്ല, അത്രയേ എനിക്ക് പറയാന്‍ പറ്റുകയുള്ളൂ. കഴിഞ്ഞ ട്വന്റി ട്വന്റിയില്‍ നല്ല റോള്‍ ചെയ്തതാണ്. അതിപ്പോ മരിച്ചുപോയവരെ ഇപ്പോള്‍ തിരിച്ചുകൊണ്ടുവരാന്‍ പറ്റില്ലോ അതുപോലെ. അമ്മയിലുള്ളവരെ വെച്ച് എടുക്കേണ്ടി വരും. അമ്മയിലില്ല എന്നേ എനിക്ക് പറയാന്‍ പറ്റൂ. സ്വാഭാവികമായിട്ടും അമ്മയിലില്ലാത്തവരെ അഭിനയിപ്പിക്കാന്‍ പറ്റില്ല.''

''ഭാവന ഇപ്പോള്‍ അമ്മയിലില്ല, മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ പറ്റില്ലല്ലോ അതുപോലെ'' എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളാണ് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. 'ട്വന്റി ട്വന്റി' സിനിമയില്‍ ഭാവന അവതരിപ്പിച്ച കഥാപാത്രം മരണപ്പെട്ടിരുന്നു. 'മരിച്ചുപോയ ഒരു കഥാപാത്രത്തെ തിരിച്ചുകൊണ്ടുവരാന്‍ പറ്റില്ല' എന്നാണ് അദ്ദേഹം പറഞ്ഞിരുന്നതെങ്കില്‍ പ്രശ്‌നമാകില്ലായിരുന്നു. മാത്രമല്ല, ''ഭാവന അമ്മയിലില്ല, അമ്മയിലുള്ളവരെ വെച്ച് എടുക്കേണ്ടി വരും'' എന്നതും ഇടവേള ബാബു ഇപ്പോള്‍ നല്‍കുന്ന വിശദീകരണത്തിന് യോജിക്കാത്തതാണ്. ഭാവന അമ്മയിലില്ലാത്തതുകൊണ്ട് ഭാവന അവതരിപ്പിച്ച മരിച്ചുപോയ കഥാപാത്രം അമ്മയിലുള്ള മറ്റൊരാളെക്കൊണ്ട് ചെയ്യിപ്പിക്കുമെന്നാണോ?

ഇടവേള ബാബുവിന്റെ പ്രസ്താവനയിലെ ഓരോ വാക്കുകളും പ്രതിഷേധാര്‍ഹം തന്നെയാണ്. അതുകൊണ്ട് തന്നെയാണ്  നീതി കേട് കണ്ടതിനെ സ്വന്തം കാര്യം നോക്കാതെ എതിര്‍ക്കാന്‍ പാര്‍വ്വതി എന്ന നടി കരുത്ത് കാണിച്ചത്. 

അമ്മയില്‍ നിന്ന് രാജിവെച്ച പാര്‍വ്വതിയെ പിന്തുണച്ചുകൊണ്ട് നടന്‍ ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇവിടെ പ്രസക്തമാണ്. 

''ഞാനിന്ന് ഒരു പെണ്‍കുട്ടിയെ കണ്ടു...നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ...അഭിവാദ്യങ്ങള്‍ ...മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന് പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവര്‍ക്ക് മാത്രമെ മനസ്സിലാക്കാന്‍ പറ്റാതെ പോവുകയുള്ളു.... തെറ്റുകള്‍ ആര്‍ക്കും പറ്റാം..ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ 
പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്...എന്ന്  അഭിപ്രായങ്ങള്‍ ആര്‍ക്കും പണയം വെയ്ക്കാത്ത... ഹരീഷ് പേരടി.''

അതെ തെറ്റുകള്‍ ആര്‍ക്കും പറ്റാം. ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ട ഉത്തരവാദിത്വം ഇടവേള ബാബുവിനുണ്ട്. തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചു എന്ന് അദ്ദേഹം പറയുന്നുണ്ടല്ലോ. അങ്ങിനെയെങ്കില്‍ ശരിയായ വാക്കുകള്‍ എന്താണെന്ന് അദ്ദേഹം ഉറപ്പിച്ച് പറയണം. ഇക്കാര്യത്തില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയണം. അതാണ് അന്തസ്സ്.