• 20 Oct 2020
  • 09: 09 AM
Latest News arrow

''മൊറട്ടോറിയം കാലയളവിലെ പലിശ തിരിച്ചടവിന് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കഴില്ല''; കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും

ന്യൂഡല്‍ഹി: ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടവിന് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രാലയവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തു. രണ്ട് കോടിയ്ക്ക് മുകളില്‍ വായ്പ ഉള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കാന്‍ കഴിയില്ല. സാമ്പത്തിക നയരൂപീകരണത്തിന് ഉള്ള അധികാരം സര്‍ക്കാരിനാണെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.

മൊറട്ടോറിയം ഏര്‍പ്പെടുത്തിയ കാലയളവില്‍ രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് കൂട്ട് പലിശ ഈടാക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരിന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന സുപ്രീംകോടതിയുടെ ആവശ്യപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളോടും ചര്‍ച്ച ചെയ്ത ശേഷമാണ് ഇളവുകള്‍ പ്രഖ്യാപിച്ചതെന്ന് പുതിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. 

ചെറുകിട വ്യവസായങ്ങള്‍ക്ക് ആയുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ, തുടങ്ങിയവയ്ക്ക് ആണ് ഇളവ് ലഭിക്കുക. മാര്‍ച്ചുമുതല്‍ ഓഗസ്റ്റുവരെയുള്ള കൂട്ടുപലിശ ഒഴിവാക്കുമ്പോഴുണ്ടാകുന്ന സാമ്പത്തികബാധ്യത ബാങ്കുകള്‍ക്ക് താങ്ങാനാവില്ലെന്നതിനാല്‍ അത് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും.