ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു

ന്യൂഡല്‍ഹി: ഹാഥ്റസ് കേസിലെ അന്വേഷണം സംബന്ധിച്ചുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പതിനൊന്നുമണിയോടെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് കേസ് പരിഗണിച്ചേക്കും. അഭിഭാഷകനായ സഞ്ജീവ് മല്‍ഹോത്രയാണ് ഈ വിഷത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
സുപ്രംകോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടരണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. പെണ്‍കുട്ടിയുടെ കുടുംബവും ഇക്കാര്യമാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം മാത്രമേ വിശ്വസിക്കൂവെന്ന് ആ കുടുംബം വ്യക്തമാക്കുന്നു.
എന്തായാലും സുപ്രീംകോടതി ഈ കേസില്‍ ഒരു തീര്‍പ്പ് കല്പ്പിക്കുമോയെന്ന് പറയാന്‍ കഴിയില്ല. അലഹബാദ് ഹൈക്കോടതി നേരത്തെ ഈ വിഷയത്തിലുള്ള ഹര്‍ജി പരിഗണിച്ചിരുന്നു. ഹൈക്കോടതികള്‍ കേസുകള്‍ പരിഗണിക്കുന്നുണ്ടെങ്കില്‍ ഹൈക്കോടതിയുടെ തീര്‍പ്പ് ആദ്യം വരട്ടെയെന്നാണ് സാധാരണ ചീഫ് ജസ്റ്റിസ് എടുക്കുന്ന നിലപാട്. 12-ാം തിയതിയാണ് അലഹബാദ് ഹൈക്കോടതി ഈ വിഷയം കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിന് മുമ്പ് സുപ്രീംകോടതി ഇക്കാര്യത്തില്‍ ഒരു നിര്‍ണായക തീരുമാനം എടുക്കുമോയെന്ന് കാര്യത്തില്‍ സംശയമാണ്.
ഹാഥ്റസ് കേസില്‍ സിബിഐ അന്വേഷണത്തിന് വേണ്ടി യുപി സര്‍ക്കാര്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ സിബിഐ ഇതുവരെ കേസ് ഏറ്റെടുത്തിട്ടില്ല. പ്രത്യേക അന്വേഷണ സംഘം തന്നെ നേരിട്ട് പോയി മൊഴികള്‍ രേഖപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. എന്തുകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘം വീണ്ടും വീണ്ടും പോയി മൊഴിയെടുക്കുന്നതെന്ന് പ്രിയങ്ക ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ചിരുന്നു.
ഇതിനോടകം 21 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകളാണ് രജിസ്റ്റര്‍ ചെയ്തതിലധികവും. ഒരു സംഘടന പെണ്‍കുട്ടിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നതാണ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒന്ന്. സര്‍ക്കാരിനെതിരെ രൂക്ഷപ്രതികരണം നടത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണമെന്ന് ഈ സംഘടന പെണ്‍കുട്ടിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ഒരു കലാപം ഇളക്കിവിടാനുള്ള ശ്രമം നടന്നുവെന്നൊക്കെയാണ് പൊലീസ് എഫ്ഐആറുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ ഈ വിഷയം റിപ്പോര്‍ട്ട് ചെയ്യാനായി പോയ മാധ്യമപ്രവര്ത്തകന് സിദ്ധിഖ് കാപ്പനെ മധുര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മധുര പൊലീസ് ഒരു വാര്‍ത്താക്കുറിപ്പും പുറത്തുവിട്ടിട്ടുണ്ട്. കാപ്പനൊപ്പം പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ് പിടിയിലായത് എന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. നാല് പേരെ ആകെ കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയില്‍ നിന്ന് പോയ ഒരു സംഘത്തിനൊപ്പമായിരുന്നു സിദ്ധിഖ് കാപ്പനും സഞ്ചരിച്ചിരുന്നത്. അവിടെയുള്ള ടോള്‍ പ്ലാസയ്ക്കടുത്ത് വെച്ച് പൊലീസ് പരിശോധന നടത്തുകയും വാഹനത്തില്‍ നിന്ന് ഇവരെയെല്ലാം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് മധുര പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവ പിടിച്ചെടുത്തുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഏത് തരത്തിലുള്ള പ്രവര്‍ത്തനത്തിനായാണ് ഇവര്‍ പോയതെന്ന കാര്യം പൊലീസ് വിശദീകരിക്കുന്നില്ല.
അതിനിടെ ഉത്തര്‍പ്രദേശില്‍ മറ്റൊരു ബലാത്സംഗം കൂടി നടന്നു. പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയാണ് മീററ്റില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായിരിക്കുന്നത്. രണ്ട് പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ ഒരു സ്ഥലത്തേയ്ക്ക് പിടിച്ചുകൊണ്ടുപോവുകയും ലഹരിമരുന്ന് കൊടുത്ത് അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. രണ്ടു പേരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ ബന്ധുവാണെന്നും പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നു. രണ്ട് പേര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍
- 23 മാസം പ്രായമുള്ള കുഞ്ഞ് യുവാവിന് ജീവനും ജീവിതവും നല്കി