• 20 Oct 2020
  • 08: 03 AM
Latest News arrow

ആരോഗ്യപ്രവര്‍ത്തകരുടെ സമനില തെറ്റുന്നുവോ?

കൊവിഡ്-19 മഹാമാരി നമ്മളെ വരിഞ്ഞു മുറുക്കുമ്പോള്‍ അതില്‍ നിന്ന് നമ്മുടെ ജീവനെ രക്ഷിക്കാന്‍ സ്വജീവന്‍ പണയപ്പെടുത്തി യത്‌നിക്കുന്നവരാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍. കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്ന ഇവരോട് ഏറെ ആദരവ് ജനങ്ങള്‍ക്കുണ്ട്. 

അതേസമയം തന്നെ ഈ ദുരിത കാലത്ത് ആരോഗ്യമേഖലയുടെ ഉത്തരവാദിത്വബോധവും ചോദ്യം ചെയ്യപ്പെടുകയാണ്. അടിയന്തര ചികിത്സ ആവശ്യമുള്ള ഗര്‍ഭിണികളെപ്പോലും തിരിച്ചയക്കുക. മൃതശരീരം മാറി നല്‍കുക, ചികിത്സയിലിരുന്ന രോഗിയെ പുഴുവരിക്കുക, ശസ്ത്രക്രിയയ്ക്കിടെ രോഗി മരിക്കുക എന്നിങ്ങനെ നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഉയര്‍ന്നു കേട്ടത്. 

കൊവിഡ് രോഗിയാണെന്ന കാരണത്താല്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനായി എത്തിയ ഗര്‍ഭിണിയെ തിരിച്ചയച്ചു. ഒന്നല്ല, നാല് ആശുപത്രികളാണ് ഇവര്‍ക്ക് ചികിത്സ നിഷേധിച്ചത്. ഒടുവില്‍ ഇവരുടെ രണ്ട് ഇരട്ടക്കുട്ടികളും മരണമടഞ്ഞു. 

എന്നിട്ടെന്തായി? സര്‍ക്കാരിന് യാതൊരു ലജ്ജയുമില്ല. അവിടുത്തെ ഡോക്ടര്‍മാര്‍ക്ക് ഒട്ടുമില്ല. അവസാനം വാദി പ്രതിയായി. ആരോഗ്യമന്ത്രി കയ്യൊഴിഞ്ഞു. ആ രക്ഷിതാക്കളുടെ കണ്ണീരിന് ഒരു വിലയുമില്ല. 

പാലക്കാട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടേതിന് പകരം മുങ്ങി മരിച്ച ആദിവാസി സ്ത്രീയുടെ മൃതദേഹം മാറി നല്‍കി. സംസ്‌കരിച്ചുകഴിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ അക്കാര്യം അറിഞ്ഞതേയില്ല. വിവാദമായപ്പോള്‍ താല്‍ക്കാലിക ജീവനക്കാരെ പറഞ്ഞുവിട്ട് സര്‍ക്കാര്‍ മുഖം രക്ഷിച്ചു. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പോയ വൃന്ദന്‍ മടങ്ങിയെത്തിയത് ശരീരത്തില്‍ പുഴുവരിച്ച്. എല്ലാം ഭംഗിയാണ് ഭദ്രമാണെന്ന് പറഞ്ഞ് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചു. കൃത്യമായ തെളിവുകളോടെ പരാതിയെത്തി. ഒടുവില്‍ സര്‍ക്കാരിന് നടപടിയെടുക്കേണ്ടി വന്നു. ഇതോടെ പ്രതിഷേധമായി, രാജികളായി, പണിമുടക്കായി.

ഒരിടയ്ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ സമരവും പ്രതിഷേധ പ്രകടനങ്ങളും നടത്തിയപ്പോള്‍ സാരോപദേശങ്ങള്‍ കൊണ്ട് മൂടിയവരാണ് നമ്മുടെ ഡോക്ടര്‍മാര്‍. കൊവിഡ് വ്യാപനം രൂക്ഷമാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇപ്പോള്‍ അതേ മുന്നറിയിപ്പിന് അവര്‍ തന്നെ പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്. അവര്‍ തന്നെ തെരുവിലിറങ്ങുന്നു, സമരം നടത്തുന്നു. എന്ത് സാമൂഹിക അകലം?

കൊവിഡ് കാലമാണ്, ജീവനക്കാര്‍ കുറവാണ്‌, സര്‍ക്കാര്‍ ആശുപത്രിയാണ്, ഇങ്ങിനെയൊക്കെയേ നടക്കൂ എന്നൊക്കെ പറഞ്ഞാല്‍ അതെല്ലാം തൊണ്ട തുറന്ന് വിഴുങ്ങാന്‍ ബുദ്ധിമുട്ടാണ്. 

ചികിത്സാ വീഴ്ചയുടെ ഉത്തരവാദിത്വം പൊതുജനത്തിനാണോ? കൊവിഡ് കാലത്ത് ആള്‍ക്കൂട്ടസമരം ചെയ്ത് എന്ത് പാഠമാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്? ചോദിക്കാതെ വയ്യ.