• 20 Oct 2020
  • 08: 43 AM
Latest News arrow

മൊറട്ടോറിയം കാലാവധിക്കാലത്തെ പിഴപ്പലിശ ഒഴിവാക്കുമെന്ന് സര്‍ക്കാര്‍; രണ്ട് കോടി രൂപവരെയുള്ള വായ്പ്പകള്‍ക്ക് ബാധകം

ന്യൂഡല്‍ഹി: രണ്ട് കോടി രൂപ വരെയുള്ള വായ്പ്പകളുടെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ആറ് മാസത്തെ മൊറട്ടോറിയം കാലാവധിക്കാലത്തെ പിഴപ്പലിശ ഒഴിവാക്കുമെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരിക്കുന്നത്. 

ചെറുകിട, എംഎസ്എംഇ ലോണുകള്‍ക്കും വിദ്യാഭ്യാസ, കണ്‍സ്യൂമര്‍, ഡ്യൂറബിള്‍, വാഹന, പ്രൊഫഷണല്‍ ലോണുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് തുകകള്‍ക്കും പിഴപ്പലിശയിലെ ഈ ഇളവ് ബാധകമാണ്. ''ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ സര്‍ക്കാര്‍ ഈ പിഴപ്പലിശയുടെ ഭാരം വഹിക്കുക എന്നത് മാത്രമാണ് പോംവഴി'' എന്ന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ പാര്‍ലമെന്റിന്റെ സത്യവാങ്മൂലം തേടുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 

നേരത്തെ പിഴപ്പലിശ ഒഴിവാക്കാനാകില്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. ഇത് ബാങ്കുകളെ വലിയ രീതിയില്‍ ബാധിക്കുമെന്നും കേന്ദ്രം നിലപാടെടുത്തു. എന്നാല്‍ ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറയ്ക്കുന്ന നിര്‍ദേശങ്ങള്‍ പഠിച്ച് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതി പിഴപ്പലിശ ഒഴിവാക്കണമെന്ന നിര്‍ദേശമാണ് നല്‍കിയത്. ഇത് പരിഗണിച്ചാണ് പിഴപ്പലിശ ഒഴിവാക്കാന്‍ തീരുമാനിച്ചത്.