• 29 Oct 2020
  • 07: 20 PM
Latest News arrow

ഷാര്‍ജയെ ത്രസിപ്പിച്ച് സഞ്ജു; വിക്കറ്റിന് മുമ്പിലും പിമ്പിലും സൂപ്പര്‍മാന്‍

ഷാര്‍ജ: സഞ്ജു വി സാംസണിന്റെ ഓള്‍ റൗണ്ട് പ്രകടനത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ഐപിഎല്ലില്‍ ആദ്യ ജയം. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെ 16 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചത്. സ്റ്റംപിന് മുമ്പിലും പിമ്പിലും മിന്നുന്ന പ്രകടനം കാഴ്ച വെച്ച സഞ്ജു കളിയില്‍ സൂപ്പര്‍മാനായി.

ബാറ്റിങ്ങിനിറങ്ങിയ സഞ്ജു 32 പന്തില്‍ 74 റണ്‍സാണ് അടിച്ചെടുത്തത്. കൂടാതെ വിക്കറ്റിന് പിന്നില്‍ നിന്ന് രണ്ട് മിന്നല്‍ സ്റ്റംപിങ്ങുകളും രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളും സ്വന്തമാക്കി. സഞ്ജുവാണ് ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സഞ്ജുവും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തുമാണ് രാജസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു 32 പന്തില്‍ 74 റണ്‍സെടുത്തപ്പോള്‍ സ്മിത്ത് 47 പന്തില്‍ 69 റണ്‍സെടുത്തു. ക്യാപ്റ്റനോടൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത യുവതാരം യശസ്വി ജയ്‌സ്വാള്‍ സ്‌കോര്‍ ബോര്‍ഡില്‍ 11 ആയപ്പോഴേയ്ക്കും ഔട്ടായി. തുടര്‍ന്ന് ക്രീസിലെത്തിയ സഞ്ജു നിലയുറപ്പിക്കാന്‍ പോലും സമയം കണ്ടെത്തിയില്ല. ഷാര്‍ജയെ വിറപ്പിച്ചുകൊണ്ട് സഞ്ജു തകര്‍ത്തടിയ്ക്കാന്‍ തുടങ്ങി. ഇതോടെ രാജസ്ഥാന്റെ സ്‌കോര്‍ ബോര്‍ഡ് തിരക്കിലായി. അഞ്ചാം ഓവറില്‍ സാം കറനെതിരെ ബൗണ്ടറിയടിച്ച് തുടങ്ങിയ സഞ്ജു അതേ ഓവറില്‍ കറനെ സിക്‌സറിന് പറത്തി.

ആദ്യ വിക്കറ്റെടുത്ത ദീപക് ചാഹറിനെതിരെയായിരുന്നു സഞ്ജുവിന്റെ അടുത്ത പ്രഹരം. സഞ്ജുവിന്റെ മിന്നലടി കണ്ട് തന്ത്രം മാറ്റിപ്പിടിച്ച ചെന്നൈ നായകന്‍ ധോണി, രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിച്ചു. എന്നാല്‍ ജഡേജയ്‌ക്കെതിരെ രണ്ട് സിക്‌സ്‌റാണ് സഞ്ജു പറത്തിയത്. 

പിന്നെ അടുത്ത തന്ത്രമെടുക്കേണ്ടി വന്നു ധോണിയ്ക്ക്. ജഡേജയെ മാറ്റി പിയൂഷ് ചൗള. എന്നാല്‍ ചൗളയ്‌ക്കെതിരെ മൂന്ന് സിക്‌സറാണ് സഞ്ജു അടിച്ചെടുത്തത്. ഇതിനിടയില്‍ 19 പന്തില്‍ സഞ്ജു അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. ഒടുവില്‍ പന്ത്രണ്ടാം ഓവറില്‍ ധോണി, ലുങ്കി എങ്കിടിയെ പന്തെറിയാന്‍ ഏല്‍പ്പിച്ചു. ആ തന്ത്രം ഫലിക്കുകയും ചെയ്തു. സഞ്ജുവിനെ വീഴ്ത്തി എങ്കിടി ചെന്നൈയ്ക്ക് ആശ്വാസം പകര്‍ന്നു. സഞ്ജുവും ക്യാപ്റ്റന്‍ സ്മിത്തും ചേര്‍ന്ന് 121 സ്‌കോറാണ് രാജസ്ഥാനായി ചേര്‍ത്തത്. സഞ്ജു പുറത്തായ ശേഷവും ക്രീസില്‍ നിലയുറപ്പിച്ച സ്മിത്ത് 47 പന്തില്‍ നാല് ഫോറും നാല് സിക്‌സറും പറത്തി 69 റണ്‍സെടുത്ത് രാജസ്ഥാന് മികച്ച സ്‌കോര്‍ ഉറപ്പാക്കി. അവസാനം ലുങ്കി എങ്കിടി എറിഞ്ഞ അവസാന ഓവറില്‍ നാല് സിക്‌സര്‍ പറത്തിയ ജോഫ്ര ആര്‍ച്ചര്‍ 30 റണ്‍സടിച്ച് രാജസ്ഥാന്റെ സ്‌കോര്‍ 200 കടത്തി. എട്ട് പന്തില്‍ 27 റണ്‍സടിച്ച ആര്‍ച്ചറും 9 പന്തില്‍ 10 റണ്‍സുമായി ടോം കറനും പുറത്താകാതെ നിന്നു. 

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ചെന്നൈയ്ക്ക് ഷെയന്‍ വാട്‌സണും മുരളി വിജയും ചേര്‍ന്ന് മികച്ച തുടക്കമിട്ടു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 6.4 ഓവറില്‍ 58 റണ്‍സടിച്ചു. എന്നാല്‍ 21 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത വാട്‌സണെ വീഴ്ത്തി രാഹുല്‍ ട്വിവാറ്റിയ ചെന്നൈയ്ക്ക് ആദ്യ പ്രഹരം നല്‍കി. തൊട്ടുപിന്നാലെ തന്നെ 21 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത വിജയിനെ ശ്രേയസ് ഗോപാലും മടക്കി.

ഫാഫ് ഡൂപ്ലെസിസുമായി ചേര്‍ന്ന സാം കറന്റെ വെടിക്കെട്ട് പ്രകടനം കാണാന്‍ കാത്തിരുന്നവരെ സഞ്ജു നിരാശപ്പെടുത്തി. ആറ് പന്തില്‍ 17 റണ്‍സ് മാത്രമെടുക്കാനായിരുന്നു കറന്റെ വിധി. സഞ്ജുവിന്റെ മിന്നല്‍ സ്റ്റംപില്‍ അദ്ദേഹം വീണുപോയി. തൊട്ടടുത്ത പന്തില്‍ റിതുരാജ് ഗെയ്ക്‌വാദിനെയും സഞ്ജു സ്റ്റംപിങ്ങിലൂടെ പുറത്താക്കി. 

37 പന്തില്‍ 72 റണ്‍സടിച്ച ഫാഫ് ഡൂപ്ലെസിയും 16 പന്തില്‍ 22 റണ്‍സടിച്ച കേദാര്‍ ജാദവും ചെന്നൈയെ 100 കടത്തിയെങ്കിലും സഞ്ജുവിന്റെ സൂപ്പര്‍മാന്‍ ക്യാച്ചില്‍ കേദര്‍ വീണു. തുടര്‍ന്ന് ഡൂപ്ലെസി തകര്‍ത്തടിച്ചു. ഇത് കണ്ട് ചെന്നൈയുടെ പ്രതീക്ഷ വര്‍ധിച്ചെങ്കിലും ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ഡൂപ്ലെസിയെ സഞ്ജു പിടികൂടി. ഇതോടെ രാജസ്ഥാന്റെ രക്ഷകനായി സഞ്ജു മാറുകയായിരുന്നു.