• 29 Oct 2020
  • 06: 36 PM
Latest News arrow

''വര്‍ഗീയത ഇളക്കിവിട്ട് ജലീലിന് സിപിഎമ്മിന്റെ രക്ഷാകവചം''; സമരത്തീയില്‍ കവചം ഉരുക്കാന്‍ ബിജെപി

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരായ സമരം ഖുറാന്‍ വിരുദ്ധ സമരമാണെന്ന് പറഞ്ഞുകൊണ്ടാണ് ആരോപണങ്ങളെ സിപിഎം പ്രതിരോധിക്കുന്നത്. ഈ നിലപാടിനെ നേരിടാന്‍ ബിജെപി പല മാര്‍ഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. സിപിഎമ്മിന്റേത് വര്‍ഗീയ വിഷം ആളിക്കത്തിക്കാനുള്ള ശ്രമമാണെന്നാണ് ബിജെപിയുടെ ആരോപണം. ഇക്കാര്യം ഉന്നയിച്ചുകൊണ്ടാണ് ബിജെപി കൂടുതല്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നത്. 

ഇതിന്റെ ഭാഗമായി ഇന്ന് രണ്ട് പ്രധാനപ്പെട്ട സമരങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. ഒന്ന് മന്ത്രി കെടി ജലീലിന്റെ വളാഞ്ചേരിയിലെ വീടിന് മുമ്പില്‍ നടത്താന്‍ പോകുന്ന സമരമാണ്. രണ്ടാമത്തേത് യുവജന സംഘടനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തി വന്ന സമരങ്ങളുടെ തുടര്‍ച്ചയും. സെക്രട്ടറിയേറ്റിന് മുമ്പിലെ സമരം കൂടുതല്‍ ശക്തമാക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് സെക്രട്ടറിയേറ്റിലേക്ക് ബിജെപി മാര്‍ച്ച് നടത്തും. 

നയതന്ത്ര പാക്കേജില്‍ ഖുറാന്‍ കൊണ്ടുവന്നതിനാണ് മന്ത്രി കെടി ജലീലിനെ വേട്ടയാടുന്നതെന്നാണ് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇതോടെവര്‍ഗീയ ആരോപണവുമായി  സംഘപരിവാര്‍ രംഗത്തെത്തി. വര്‍ഗീയ വികാരം വളര്‍ത്തി കവചം തീര്‍ക്കുവാനുള്ള ശ്രമം ബാലിശമാണെന്ന് സംഘപരിവാറിന്റെ താത്വിക കാര്യങ്ങളില്‍ നിലപാടെടുക്കുന്ന ഭാരതീയ വിചാര കേന്ദ്രം വിശദീകരിക്കുന്നു. 

സ്വര്‍ണ്ണക്കടത്ത് കേസിന് പുതിയ മാനം കൈവന്നുവെന്നാണ് വിചാര കേന്ദ്രം വിലയിരുത്തുന്നത്. ഭരണ സംവിധാനവുമായി നേരിട്ട് ബന്ധമുള്ളവര്‍ പ്രതിരോധത്തിലാകുമ്പോള്‍ വര്‍ഗീയ വികാരം ഇളക്കിവിട്ടും വിഭാഗീയത വളര്‍ത്തിയും രക്ഷാകവചം തീര്‍ക്കുകയാണ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് സംഘപരിവാര്‍ അനുഭാവികള്‍ക്ക് നിര്‍ദേശം നല്‍കുന്നു. കക്ഷിരാഷ്ട്രീയ മത്സരത്തിന്റെ ഭാഗമായി അഴിമതിയാരോപണം ഉയരുന്നത് പോലെയല്ല ഉത്തരവാദിത്വപ്പെട്ട അന്വേഷണ സംഘം മന്ത്രിയെ ചോദ്യം ചെയ്യുന്നതെന്ന് വിചാര കേന്ദ്രം പറയുന്നു. 

അതേസമയം ബിജെപിയ്ക്ക് പിന്നാലെ എന്‍ഡിഎയും സമരരംഗത്ത് ഇറങ്ങുകയാണ്. മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് എന്‍ഡിഎ സെക്രട്ടറിയേറ്റിന് മുമ്പില്‍ ധര്‍ണ നടത്തും. എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലാണ് സമരം. നാളെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ 24 മണിക്കൂര്‍ സമരം ആസൂത്രണം ചെയ്തിട്ടുണ്ട്. മഹിളാ മോര്‍ച്ചയും പട്ടികജാതി മോര്‍ച്ചയും ഒബിസി മോര്‍ച്ചയുമാണ് ബിജെപിയുടെ തുടര്‍ സമരപരിപാടികള്‍ ഈ ആഴ്ച നയിക്കുന്നത്.