• 29 Oct 2020
  • 06: 51 PM
Latest News arrow

''പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ല''; സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ലെന്ന് സുപ്രീംകോടതി. ഡല്‍ഹി ഷഹീന്‍ബാഗിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ സുപ്രധാന പരാമര്‍ശം. 

എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ആ അവകാശം പരമമല്ലെന്നാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പ്രതിഷേധ സമരങ്ങളും സഞ്ചാര സ്വാതന്ത്ര്യവും ഒത്തുപോകണമെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹിയിലെ ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരെ നീക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ചില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം. 

അതേസമയം മാര്‍ച്ച് മാസം നല്‍കിയ ഹര്‍ജിയിലെ ആവശ്യം ഇപ്പോള്‍ അപ്രസക്തമാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന സമരങ്ങള്‍ ഇപ്പോഴും നടത്തുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പഞ്ചാബിലും ഹരിയാനയിലും കര്‍ഷകരും മറ്റും നടത്തിയ സമരം ഇതിന് ഉദാഹരണമാണെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പ്രതിഷേധ സമരവും സഞ്ചാര സ്വാതന്ത്ര്യവും ഒത്തുപോകണമെന്ന് കോടതി നിരീക്ഷിച്ചത്. 

ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഷഹീന്‍ബാഗിലെ സമരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവസാനിച്ചുവെങ്കിലും രാജ്യത്ത് ഈ പ്രതിഷേധ സമരങ്ങളും മറ്റും സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ട് നടത്തുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തിക്കൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. പക്ഷേ, പ്രതിഷേധ സമരങ്ങള്‍ക്ക് ഒരു പൊതു നയം പ്രഖ്യാപിക്കുക അപ്രായോഗികമാണെന്നും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.