• 20 Oct 2020
  • 08: 52 AM
Latest News arrow

പാലക്കാടന്‍ കരിമ്പനകളിലെ കൊയ്ത്തുകാല അതിഥികള്‍

പാലക്കാട്: പാലക്കാടന്‍ കരിമ്പനകളില്‍ കൊയ്ത്തുകാലത്ത് കൂടുകൂട്ടുന്ന വിരുന്നുകാരാണ് തൂക്കണാംകുരുവികള്‍ അഥവാ കുഞ്ഞാറ്റക്കിളികള്‍. കരിമ്പനകളിലും തെങ്ങുകളിലും വലിയ മരങ്ങളിലും തലകീഴായി കൂടുകൂട്ടുന്നവരാണ് ഇവര്‍. കരിമ്പനകള്‍ ഇല്ലാതാകുമ്പോഴും അവര്‍ തങ്ങളുടെ പതിവ് തെറ്റിക്കുന്നില്ല. 

ആറ്റക്കിളികളെന്നും കുഞ്ഞാറ്റക്കിളികളെന്നും വിളിക്കപ്പെടുന്ന ഈ കുരുവികള്‍ തെങ്ങില്‍ നിന്നും പനയില്‍ നിന്നുമുള്ള ചെറിയ നാരുകള്‍ കൊണ്ടുവന്ന് മനോഹരമായ കൂടുകള്‍ ഉണ്ടാക്കും. ഈ കൂടുകള്‍ പനയോലകളുടെ അറ്റത്ത് അങ്ങിനെ തൂങ്ങിക്കിടക്കുന്ന കാഴ്ച മനോഹരമാണ്. പാലക്കാട്ട് കരിമ്പനകള്‍ കുറഞ്ഞുവരുന്നതിനാല്‍ മനോഹരമായ ഈ കാഴ്ച അന്യംനിന്നുപോയേക്കാം എന്ന ആശങ്ക ഇവിടുത്തുകാര്‍ക്കുണ്ട്. 

മുട്ടയിട്ട് അടയിരിക്കുന്നതിന് വേണ്ടിയാണ് കുഞ്ഞാറ്റക്കിളികള്‍ കൂടുണ്ടാക്കുന്നത്. അടയിരിക്കുന്ന സമയത്ത് തീറ്റ തേടി പോകാന്‍ സാധിക്കാത്തതിനാല്‍ ഏറ്റവും അടുത്ത് തീറ്റ കിട്ടുന്ന സ്ഥലങ്ങളിലാണ് ഇവ കൂടുണ്ടാക്കാറ്. മറ്റ് ജീവികളില്‍ നിന്നും ശല്യമുണ്ടാകാതിരിക്കാനാണ് ഉയര്‍ന്ന മരങ്ങളിലെ കൂട് കെട്ടല്‍. എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്ന ഇവ മൂന്ന് മാസത്തോളം മാത്രമാണ് ഒരു സ്ഥലത്തുണ്ടാവുക. ഇണയെ ആകര്‍ഷിച്ച് മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങളുണ്ടായാല്‍ ഇവ കൂടുപേക്ഷിച്ച് മറ്റൊരു സ്ഥലത്തേയ്ക്ക് പോകും.