• 29 Oct 2020
  • 07: 56 PM
Latest News arrow

കൊവിഡ് വ്യാപനം അതിവേഗം; തുടര്‍ച്ചയായി നാലാം ദിവസവും രോഗികളുടെ എണ്ണം നാലായിരം കടന്നു; 16 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ മരിച്ചു. 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. ഇതില്‍ 459 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

തുടര്‍ച്ചയായി നാലാം ദിവസമാണ് 4000ത്തിന് മുകളില്‍ കൊവിഡ് രോഗബാധിതരുണ്ടായിരിക്കുന്നത്. വളരെ വേഗത്തിലാണ് സംസ്ഥാനത്തിപ്പോള്‍ കൊവിഡ് പടര്‍ന്നുപിടിയ്ക്കുന്നത്. ഇന്നലെ 4644 ആയിരുന്നു രോഗബാധിതരുടെ എണ്ണം. ഇന്നത് 4696 ലേക്കെത്തിയിരിക്കുന്നു. ഇന്നലെ 47,452 സാമ്പിളുകള്‍ ആണ് പരിശോധിച്ചതെങ്കില്‍ ഇന്ന് 41,630 സാമ്പിളുകളാണ് പരിശോധിച്ചത്. അതായത് ഇന്നലെ പരിശോധിച്ചതിനേക്കാള്‍ കുറവ് എണ്ണം സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. എന്നിട്ടും ഇന്നലത്തേതിനേക്കാള്‍ രോഗബാധിതര്‍ ഇന്നുണ്ടായിരിക്കുന്നു. 

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇന്നും പതിനൊന്നിന് മുകളിലേക്കെത്തിയിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 892 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്തും കോഴിക്കോട്ടും രോഗികളുടെ എണ്ണം 500ന് മുകളിലേക്ക് എത്തിയിരിക്കുന്നു. 537 പേരാണ് എറണാകുളത്ത്. കോഴിക്കോട്ട് 536 പേരും കൊവിഡ് രോഗികളായിരിക്കുന്നു. മലപ്പുറത്ത് 483ഉം. 

തെക്കന്‍ കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന മറ്റൊരു ജില്ലയാണ് കൊല്ലം. 330 പേര്‍ക്കാണ് കൊല്ലത്ത് ഇന്ന് കൊവിഡ് ബാധിച്ചിരിക്കുന്നത്. തൃശ്ശൂരിലും 322 പേരില്‍ രോഗം കണ്ടെത്തി. പാലക്കാട്ട് 289, കോട്ടയത്ത് 274, കണ്ണൂരില്‍ 242, ആലപ്പുഴയില്‍ 219, കാസര്‍കോട്ട് 208, പത്തനംതിട്ടയില്‍ 190, വയനാട്ടില്‍ 97, ഇടുക്കിയില്‍ 77 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണം ഉയരുകയാണ്. 

16 മരണങ്ങള്‍ കൂടി കൊവിഡ് ബാധിച്ചാണെന്ന് ഇന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ കണക്കനുസരിച്ചുള്ള ആകെ മരണസംഖ്യ 535 ആയി.