• 29 Oct 2020
  • 06: 30 PM
Latest News arrow

കാര്‍ഷിക മേഖല കുത്തക കമ്പനികളുടെ കയ്യിലേക്ക്; കര്‍ഷക ബില്ലില്‍ പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകള്‍ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇവരെ ആശ്രയിച്ച് മുന്നോട്ടുപോകുന്നവരാണ് രാജ്യത്തെ 50 ശതമാനത്തോളം വരുന്ന രാഷ്ട്രീയക്കാരും. അതുകൊണ്ട് തന്നെ കര്‍ഷക ബില്‍ വലിയ രാഷ്ട്രീയ വിഷയവും പ്രക്ഷോഭവുമൊക്കെയായി മാറുകയാണ്. 

മൂന്ന് ബില്ലുകളാണ് കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത്. ഒന്ന് കര്‍ഷകരുടെ കരാര്‍ ബില്‍- ഇത് കര്‍ഷകരുടെ ശാക്തീകരണവും സംരക്ഷണവും ലക്ഷ്യം വെയ്ക്കുന്നു. രണ്ടാമത്തേത് കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പാദന-വ്യാപാര-വാണിജ്യ ബില്‍. മൂന്നാമത്തേത് അവശ്യസാധന ഭേദഗതി ബില്‍. കാര്‍ഷിക രംഗത്ത് വലിയ പരിഷ്‌കരണം കൊണ്ടുവരുന്ന ബില്ലുകളാണ് ഇവ. കാര്‍ഷിക വളര്‍ച്ചയ്ക്ക് സ്വകാര്യമൂലധ നിക്ഷേപം ബില്ലുകളില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ആഭ്യന്തര വിപണിയിലും രാജ്യാന്തര വിപണിയിലും ഇന്ത്യന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിതരണ ശൃംഖല ഉറപ്പാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഉല്‍പ്പന്നങ്ങള്‍ എവിടെ വില്‍ക്കാനും കര്‍ഷകന് സ്വാതന്ത്ര്യം ഉണ്ടാകും. വന്‍കിട കമ്പനികള്‍ നേതൃത്വം നല്‍കുന്ന കരാര്‍ കൃഷിയ്ക്ക് വഴിയൊരുക്കുമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നു. 

നിലവില്‍ കാര്‍ഷിക മേഖലയുടെ ഘടന എന്നത് കൃഷിഭൂമി അതിന് മുകളില്‍ കര്‍ഷകര്‍ അതിനുമേല്‍ സര്‍ക്കാര്‍ സംവിധാനം അല്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കുന്ന വിപണികള്‍ എന്നതാണ്. അതിന് പകരം പുതിയ ബില്‍ നിയമമായി മാറുന്നതോടുകൂടി കൃഷിഭൂമി-കര്‍ഷകന്‍-സര്‍ക്കാര്‍ സംവിധാനം എന്നതില്‍ സര്‍ക്കാര്‍ സംവിധാനത്തിനൊപ്പം സ്വകാര്യ സംവിധാനം കൂടി വരികയാണ്. അതായത് സ്വകാര്യ കമ്പനികള്‍ ഒരുക്കുന്ന വിപണികള്‍ വരുന്നു. ഇതുവഴി കര്‍ഷകന് മുകളില്‍ ഒരു സ്വകാര്യ സംവിധാനത്തിന്റെ നിയന്ത്രണം ഉണ്ടാവുകയാണ്. അതായത് സര്‍ക്കാരിന്റെ വിപണികള്‍ക്ക് പകരം കുത്തക കമ്പനികള്‍ വിപണി നിയന്ത്രിക്കുന്ന സ്ഥിതി. 

നിലവില്‍ കാര്‍ഷിക മേഖലയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതായത് വിലത്തകര്‍ച്ച പോലുള്ള എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാവുകയാണെങ്കില്‍ അവിടെ സര്‍ക്കാരിന്റെ വലിയൊരു ഇടപെടല്‍ ഉണ്ടാകുന്നുണ്ട്. വളവും വെള്ളവുമൊക്കെ സര്‍ക്കാര്‍ കര്‍ഷകന് നല്‍കിക്കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിലടക്കം സര്‍ക്കാരിന്റെ നിയന്ത്രണവും മേല്‍നോട്ടവും ഉണ്ടാകുന്നുണ്ട്. എന്നാല്‍ കാര്‍ഷിക ബില്‍ വരുന്നതോടുകൂടി കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്ന കാര്യത്തിലടക്കം സ്വകാര്യ കമ്പനികളുടെ ഇടപെടല്‍ ഉണ്ടാകും. തന്‍മൂലം കര്‍ഷകര്‍ക്ക് സൗജന്യമായി ലഭിച്ചുവരുന്ന സേവനങ്ങളും സാങ്കേതിക സഹായങ്ങളും നിലയ്ക്കും. ഇങ്ങിനെ കാര്‍ഷിക മേഖല പൂര്‍ണമായി വന്‍കിട കുത്തകകളുടെ കയ്യിലാകും. ഇതോടെ ചെറുകിട കര്‍ഷകര്‍ ഇല്ലാതാകുമെന്നതാണ് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നത്.