• 29 Oct 2020
  • 06: 56 PM
Latest News arrow

ടിക് ടോക്കിനും വിചാറ്റിനും നിരോധനമേര്‍പ്പെടുത്തി അമേരിക്ക; ദേശസുരക്ഷയെ മുന്‍നിര്‍ത്തിയെന്ന് ട്രംപ്; രാഷ്ട്രീയം മാത്രമെന്ന് ചൈന

വാഷിങ്ടണ്‍: ചൈനീസ് ആപ്പുകളായ ടിക് ടോക്കിനും വിചാറ്റിനും അമേരിക്ക നിരോധനമേര്‍പ്പെടുത്തി. ആപ്പിള്‍ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ സ്‌റ്റോറില്‍ നിന്നും ആപ്പുകള്‍ ഒഴിവാക്കണമെന്ന് അമേരിക്ക പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.  

കൊവിഡ് വൈറസിനെ ചൊല്ലിയുള്ള വാക്‌പോരാണ് ആപ്പുകള്‍ നിരോധിക്കുന്നതിലേക്ക് വഴിവെച്ചത്. ദേശ സുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞാണ് നിരോധനം. അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ഈ ആപ്പുകള്‍ വഴി ചൈനയ്ക്ക് ലഭിക്കുമെന്ന് പ്രസിഡന്റ് ട്രംപ് ആരോപിക്കുന്നു. എന്നാല്‍ രാഷ്ട്രീയം മാത്രമാണ് നിരോധനത്തിന് പിന്നിലെന്നാണ് ചൈനയുടെ നിലപാട്. 

അതേസമയം നിരോധനം നീങ്ങാനും സാധ്യതയുണ്ട്. അമേരിക്കന്‍ കമ്പനിയായ ഓറക്കിളും ടിക് ടോക്കിന്റെ ഉടമയായ ബൈറ്റ്ഡാന്‍സും തമ്മില്‍ കരാറിലെത്തിയാല്‍ നിരോധനം നീക്കുന്നതിനെക്കുറിച്ച് ട്രംപ് പുന:രാലോചിക്കും. കരാറില്‍ തീരുമാനമായാല്‍ ഇന്ന് തന്നെ നിരോധനം നീക്കിയോക്കും. ഉപഭോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കയിലും സിംഗപ്പൂരിലുമാണെന്നാണ് സൂക്ഷിക്കുന്നതെന്ന് ബൈറ്റ്ഡാന്‍സ് പറയുന്നു.

ആപ്പുകള്‍ക്ക് അമേരിക്കയില്‍ മാത്രമായിരിക്കും നിരോധനമുണ്ടാവുക. അമേരിക്കന്‍ കമ്പനികള്‍ക്ക് അമേരിക്കയ്ക്ക് പുറത്ത് ഈ ആപ്പുമായി സഹകരിക്കാം. ടിക് ടോക്കിന് അമേരിക്കയില്‍ ഏകദേശം എട്ട് കോടി ഉപഭോക്താക്കളാണുള്ളത്.