• 29 Oct 2020
  • 06: 38 PM
Latest News arrow

വിവാദങ്ങള്‍ വലിഞ്ഞുമുറുകവേ ഇന്ന് സിപിഎം സെക്രട്ടറിയേറ്റ് യോഗം; പ്രതിരോധ നടപടികള്‍ ചര്‍ച്ചയാകും

തിരുവനന്തപുരം: എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങള്‍ ഇന്ന് നടക്കും. വിവാദങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ വലിഞ്ഞുമുറുക്കുമ്പോഴാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. കെടി ജലീല്‍ വിവാദം, കോടിയേരിയുടെ മകനെ ഇഡി ചോദ്യം ചെയ്തത് അടക്കമുള്ള വിഷയങ്ങള്‍ സിപിഎം യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും. കേസ് അന്വേഷിക്കുന്ന മൂന്ന് ഏജന്‍സികളും കേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരം സര്‍ക്കാരിനെതിരായി രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നുവെന്ന ചര്‍ച്ച യോഗത്തില്‍ ഉയരും. അതേസമയം തന്നെ ഒരു മതപുരോഹിതന്റെ ജോലിയാണോ സംസ്ഥാന മന്ത്രി ചെയ്യേണ്ടതെന്ന വിമര്‍ശനം യോഗത്തില്‍ ജലീല്‍ നേരിടേണ്ടി വന്നേക്കാം. കേന്ദ്ര മന്ത്രി വി മുരളീധരനെതിരായ നീക്കങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകളും സിപിഎം യോഗത്തില്‍ ഉണ്ടാകും. 

വൈകിട്ട് മൂന്ന് മണിയ്ക്കാണ് ഇടതുമുന്നണി യോഗം. കെടി ജലീലിന്റെ രാജി ആവശ്യം എല്‍ഡിഎഫ് തള്ളിക്കളയും. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതില്‍ മുന്നണി അതൃപ്തി രേഖപ്പെടുത്തും. വിവാദങ്ങളെ പ്രതിരോധിക്കാനുള്ള പ്രചരണ പരിപാടികളും യോഗം തീരുമാനിക്കും.