• 22 Sep 2020
  • 01: 50 PM
Latest News arrow

കൊവിഡ് രോഗമുക്തരായവര്‍ക്ക് വീണ്ടും രോഗം; രോഗമുണ്ടാക്കിയത് വ്യത്യസ്ത ജനിതകശ്രേണിയില്‍പ്പെട്ട രോഗാണു

ന്യൂഡല്‍ഹി: കൊവിഡ്-19 രോഗം ബാധിച്ച് ഭേദമായവര്‍ക്ക് അപൂര്‍വ്വമായി വീണ്ടും രോഗം വരാമെന്ന് കേന്ദ്ര ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന്റെ കണ്ടെത്തല്‍. വ്യത്യസ്ത ജനിതക ശ്രേണിയില്‍പ്പെട്ട രോഗാണുവാണ് രണ്ടാമത് രോഗമുണ്ടാക്കിയതെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം പിന്നിട്ട പശ്ചാത്തലത്തിലാണ് വീണ്ടും രോഗം വരാമെന്ന പഠനം പുറത്തുവരുന്നത്. 

ഡല്‍ഹിയിലെ സിഎസ്‌ഐആറിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ബയോളജിയുടെ പഠനത്തിലാണ് നോയിഡയിലെ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മൂന്ന് മാസത്തിനിടെ രണ്ടാമതും രോഗബാധയുണ്ടായതായി കണ്ടെത്തിയത്. കഴിഞ്ഞ മെയ്യിലാണ് 25 കാരനും 29കാരിയ്ക്കും ആദ്യം രോഗം ബാധിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗമുക്തി നേടുകയും ചെയ്തു. പിന്നീട് കഴിഞ്ഞ മാസം വീണ്ടും ഇരുവരിലും രോഗലക്ഷണം പ്രകടമായി. 

സാധാരണ ഒരേ ശ്രേണിയില്‍പ്പെട്ട രോഗാണുവാണ് രണ്ടാമതും രോഗലക്ഷണം കാണിക്കുന്നവരില്‍ കണ്ടെത്തുന്നത്. എന്നാല്‍ ഇവിടെ കണ്ടെത്തിയത് രണ്ട് ജനിതക ശ്രേണിയില്‍പ്പെട്ട രോഗാണുവാണ്. രണ്ടാമത് ശരീരത്തില്‍ കടന്ന രോഗാണു താരതമ്യേന തീവ്രത കുറഞ്ഞതാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നുമാണ് ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ വിശദീകരിച്ചത്. മുംബൈയിലെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടാമത് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ജനിതക ശ്രേണി പഠനം നടന്നുവരുന്നതേയുള്ളൂ.