• 22 Sep 2020
  • 12: 38 PM
Latest News arrow

യുഎപിഎ ചുമത്തിയ കേസില്‍ കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്തു; ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എന്‍ഐഎ കൂടി ചോദ്യം ചെയ്യുന്നു. പതിവിന് വിപരീതമായി രാവിലെ ആറ് മണിയ്ക്ക് എന്‍ഐഎ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. സ്വകാര്യവ്യക്തിയുടെ കാറിലാണ് മന്ത്രി കെടി ജലീല്‍ എന്‍ഐഎയുടെ ഓഫീസിലെത്തിയത്. 

യുഎപിഎ ചുമത്തിയിട്ടുള്ള ഒരു കേസില്‍ സംസ്ഥാനത്തെ ഒരു മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യുക എന്നുള്ളത് സമാനതകളില്ലാത്ത സംഭവമാണ്. അതുകൊണ്ട് തന്നെ ഇതുവരെയും ജലീലിനെ സംരക്ഷിച്ചുപോന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇനി അതിന് കഴിയുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍, യുഎപിഎ ചുമത്തപ്പെട്ട ഒരു കേസില്‍, രാജ്യത്തിന്റെ ഭീകരവിരുദ്ധ ഏജന്‍സി ചോദ്യം ചെയ്ത ഒരു മന്ത്രിയ്ക്ക് ആ പദവിയില്‍ ഇനി തുടരാന്‍ കഴിയുന്നതെങ്ങിനെയെന്ന് പ്രതിപക്ഷം ആരായുന്നു. കൂടുതല്‍ ന്യായീകരണത്തിന് മുതിരാതെ കെടി ജലീലിനെതിരെയുള്ള നടപടികള്‍ ഉടനടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. 

ഇന്നലെ വരെ സര്‍ക്കാര്‍ പറഞ്ഞിരുന്നത് പ്രോട്ടോക്കോള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതെന്നാണ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് ഇഡിയെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും സിപിഎം പറഞ്ഞിരുന്നത് പ്രോട്ടോക്കോള്‍ ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കെടി ജലീലിനോട് ഇഡി ചോദിച്ചതെന്നാണ്. എന്നാല്‍ ഇന്ന് യുഎപിഎ ചുമത്തിയ കേസില്‍ കെടി ജലീലിനെ എന്‍ഐഎ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമ്പോള്‍ അതിന്റെ മാനം വലുതാവുകയാണ്. കേരളത്തിലെ ഒരു മന്ത്രി തന്നെ സ്വര്‍ണ്ണക്കളക്കടത്ത് കേസില്‍ നേരിട്ട് ആരോപണ വിധേയനായിരിക്കുന്നു. 

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് ശേഷം ഒരു മന്ത്രി കൂടി ചോദ്യം ചെയ്യപ്പെട്ട സാഹചര്യം. അതുകൊണ്ട് തന്നെ ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിയ്ക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. ഇതിന്റെ അടിവേരുകള്‍ ചെന്നെത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലേക്കാണെന്നും ബിജെപി ആരോപിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും സ്വപ്‌ന സുരേഷിനെയും ചേര്‍ത്തിരുത്തി ചോദ്യം ചെയ്താല്‍ പുറത്തുവരിക ഇതിലും വലിയ കഥകളായിരിക്കുമെന്നും ബിജെപി പറയുന്നു.