വിനയന്റെ വിലക്ക് നീക്കാനുള്ള ഉത്തരവിനെതിരെ ഫെഫ്ക ഡയറക്ടേഴ്സ് സുപ്രീംകോടതിയില്‍; എന്താണിത്ര പകയെന്ന് വിനയന്

ന്യൂഡല്‍ഹി: സംവിധായകന് വിനയന്റെ മേല്‍ ചുമത്തിയിരിക്കുന്ന വിലക്ക് നീക്കാനുള്ള കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയുടെ ഉത്തരവിനെതിരെ ഫെഫ്ക ഡയറക്ടേഴ്സ് സുപ്രീംകോടതിയെ സമീപിച്ചു. കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയുടെയും നാഷ്ണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെയും ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
വിനയന്റെ വിലക്ക് നീക്കിക്കൊണ്ട് കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ 2012 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ സിനിമാ സംഘടനയായ അമ്മയ്ക്ക് നാല് ലക്ഷം രൂപയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് 3,86,354 രൂപയും പിഴ ചുമത്തിയിരുന്നു. ഈ പിഴ 2020 മാര്‍ച്ചില്‍ നാഷ്ണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ ശരിവെയ്ക്കുകയും ചെയ്തു. പിഴ ശിക്ഷയും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയെയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് ചോദ്യം ചെയ്തിട്ടുണ്ട്. വിവാദവുമായി ബന്ധപ്പെട്ട തെളിവുകള്‍ പരിഗണിക്കാതെയാണ് കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ വാദം. കേസില്‍ ഇടപെടാനുള്ള കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയുടെ അധികാരവും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.
തന്നെ വേട്ടയാടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് സംവിധായകന് വിനയന് പറയുന്നു. ഫെഫ്ക ഒരു മാഫിയ ഗ്രൂപ്പാണെന്ന് തെളിയിക്കുന്ന പോക്കാണ് അവര്‍ കാണിക്കുന്നത്. ഇവര്‍ക്ക് തന്നോട് എന്താണിത്ര പക. ബി ഉണ്ണികൃഷ്ണനോടാണ് തന്റെ ചോദ്യമെന്നും വിനയന് പറഞ്ഞു.
വിനയന്റെ വിലക്ക് നീക്കിയ ഉത്തരവുകള്‍ക്കെതിരെ അമ്മ ഇതുവരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടില്ല. കമ്മീഷന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 4 ലക്ഷം രൂപ വിനയന് നല്കി തുടര്‍നടപടികള്‍ ഒഴിവാക്കാനാണ് അമ്മ ആലോചിക്കുന്നത്.