• 20 Sep 2020
  • 12: 57 PM
Latest News arrow

കെടി ജലീലിനെ സംരക്ഷിച്ച് സര്‍ക്കാര്‍; പ്രതിരോധക്കോട്ട തകര്‍ക്കാന്‍ പ്രതിപക്ഷവും; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ സംരക്ഷിച്ച് മുഖ്യമന്ത്രിയും സര്‍ക്കാരും രംഗത്തെത്തിയതോടെ ജലീലിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. മന്ത്രി കെടി ജലീല്‍ രാജി വെയ്ക്കുന്നതുവരെ സമരം തുടരാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. കഴിഞ്ഞ ദിവസങ്ങളിലേതുപോലെ സെക്രട്ടറിയേറ്റിന്റെ പരിസരം ഇന്നും സമരമുഖമാകും. കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് മാര്‍ച്ച് നയിക്കുന്നത്. 

ഇന്നലെ നടന്ന യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. പിന്നാലെയാണ് ബിജെപി തലസ്ഥാനം കേന്ദ്രീകരിച്ച് സമരം ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പതിനെട്ടാം തിയതി തിരുവനന്തപുരത്ത് എത്തേണ്ട കെ സുരേന്ദ്രന്‍ നേരത്തെയെത്തി സമരത്തിന് നേതൃത്വം നല്‍കുന്നത്. യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും പ്രതിഷേധ പരിപാടികള്‍ക്ക് പദ്ധതിയിടുന്നുണ്ട്. ഇന്നലെ സെക്രട്ടറിയേറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരുന്നു.