• 20 Sep 2020
  • 01: 36 PM
Latest News arrow

ഡല്‍ഹി കലാപക്കേസിന് വീണ്ടും തീ പിടിയ്ക്കുമ്പോള്‍

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം അരക്കോടിയിലെത്തുകയാണ്. അപ്പോഴും അണ്‍ലോക്ക് നയവുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. പാര്‍ലമെന്റ് സമ്മേളനം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിളിച്ച് ചേര്‍ക്കാനുള്ള തീരുമാനവും അണ്‍ലോക്ക് നയത്തിന്റെ ഭാഗമാണ്. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ തവണ നടന്നത് ഡല്‍ഹി കലാപത്തിന്റെ അന്തരീക്ഷത്തിലായിരുന്നു. അഞ്ചര മാസത്തിന് ശേഷം വീണ്ടും കലാപക്കേസുകള്‍ സജീവമാകുകയാണ്. സീതാറാം യെച്ചൂരിയുടെയും ചില സാമൂഹിക നേതാക്കളുടെയും പേരുകള്‍ ഇപ്പോള്‍ കലാപക്കേസുകളിലേക്ക് വരുന്നു. ബീഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പുള്ള ദ്രുവീകരണം മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

പാര്‍ലമെന്റിന്റെ അസാധാരണ സമ്മേളനം. മാസ്‌ക്ക് അണിഞ്ഞ് സമൂഹിക അകലം പാലിച്ച് ഫൈബര്‍ ഷീറ്റുകളുടെ സുരക്ഷിത കവചത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍. ഇതിന് മുമ്പ് പാര്‍ലമെന്റ് അവസാനം ചേര്‍ന്നത് മാര്‍ച്ച് 23നായിരുന്നു. 

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ചേരുമ്പോള്‍ രാജ്യത്തെ അന്തരീക്ഷം കലുഷിതമായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ഷഹീന്‍ബാഗില്‍ സ്ത്രീകളുടെ രാപ്പകല്‍ സമരം നടക്കുന്നു. ഡല്‍ഹി കലാപത്തിന് ശേഷമുള്ള കനലുകള്‍ അണഞ്ഞിട്ടില്ല. കലാപത്തിന്റെ പേരില്‍ പാര്‍ലമെന്റ് പലതവണ ഇളകിമറിഞ്ഞു. അന്നത്തെ ആ അന്തരീക്ഷം മറികടക്കാന്‍ കൊവിഡ് സര്‍ക്കാരിനെ സഹായിച്ചു. ഷഹീന്‍ബാഗിലെ സമരപ്പന്തല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഒരു പുലര്‍ച്ചെ പൊളിച്ചു മാറ്റി. രാജ്യം നിശ്ചലമായപ്പോഴും ഡല്‍ഹി പൊലീസ് പക്ഷേ കലാപക്കേസുകളില്‍ സജീവമായിരുന്നു. ഗര്‍ഭിണിയായ ഒരു വിദ്യാര്‍ത്ഥിനിയും ജയിലിലായി. പാര്‍ലമെന്റ് വീണ്ടും സമ്മേളിക്കുമ്പോഴും കലാപത്തിന് ഇരയായ സ്ഥലങ്ങളിലെ സ്ഥിതിയ്ക്ക് കാര്യമായ മാറ്റമില്ല. ആകെ 751 കേസുകള്‍ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തു. 1575 പേരെ പിടികൂടി. 250 കുറ്റപത്രങ്ങള്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു. 

പാര്‍ലമെന്റ് സമ്മേളനത്തിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ ഒരു അനുബന്ധ കുറ്റപത്രത്തിലൂടെ ഡല്‍ഹി പൊലീസ് കലാപക്കേസുകളുടെ ചര്‍ച്ച തന്നെ മാറ്റിയെഴുതുകയാണ്. രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും അധ്യാപകരും ഒരു മൊഴിയുടെ പേരിലാണെങ്കിലും കുറ്റപത്രത്തിലേക്ക് വരുമ്പോള്‍ ഡല്‍ഹി കലാപക്കേസും ഭീമ കൊറേഗാവ് കേസിന്റെ വഴിയിലേക്ക് വരികയാണ്. 

പൗരത്വ നിയമഭേദഗതിയ്‌ക്കെതിരായ സമരം ചില സ്ഥലങ്ങളില്‍ വലിയ അക്രമങ്ങളിലേക്ക് നീങ്ങി. എന്നാല്‍ പലയിടത്തും നടന്നത് വിദ്യാര്‍ത്ഥികളുടെയും രാഷ്ട്രീയ സംഘടനകളുടെയും സ്ത്രീകളുടെയുമൊക്കെ നേതൃത്വത്തിലുള്ള ജനാധിപത്യ പ്രതിഷേധങ്ങളായിരുന്നു. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പല വിദ്യാര്‍ത്ഥികളെയും യുഎപിഎ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്കെതിരെ പൊലീസിന് ഇതേ മാനദണ്ഡമില്ല. 2016ല്‍ ഇതുപോലുള്ള ഒരു പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴായിരുന്നു ഡല്‍ഹി ജെഎന്‍യുവില്‍ കനയ കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ഡല്‍ഹി പൊലീസ് നീക്കം നടത്തിയത്. അന്ന് വലിയ പ്രതിഷേധങ്ങള്‍ക്കും സ്മൃതി ഇറാനിയുടെ നാടകീയ പ്രതികരണത്തിനുമൊക്കെ ലോക്‌സഭയും രാജ്യസഭയും സാക്ഷ്യം വഹിച്ചു. അതിര്‍ത്തി പുകയുമ്പോള്‍ പുക നിയന്ത്രണാതീതമായി പടരുമ്പോള്‍ സാമ്പത്തിക രംഗം കുത്തനെ ഇടയുമ്പോള്‍ വീണ്ടും ശ്രദ്ധ കലാപക്കേസുകൡലേക്ക് തിരിയുകയാണ്.