• 20 Sep 2020
  • 12: 04 PM
Latest News arrow

ഡല്‍ഹി കലാപക്കേസ്: യെച്ചൂരിയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കുറ്റപത്രം; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസ് ഗൂഢാലോചനയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പങ്കാളിയാക്കിയ ഡല്‍ഹി പൊലീസിന്റെ കുറ്റപത്രത്തിനെതിരെ കോണ്‍ഗ്രസ്. സീതാറാം യെച്ചൂരിയെപ്പോലുള്ള നേതാക്കളുടെ പേരുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത് ദുരുദ്ദേശപരമാണെന്ന് കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധിര്‍രഞ്ജന്‍ ചൗധരി പ്രതികരിച്ചു. പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള നീക്കമാണിതെന്നും ശക്തമായി ചെറുക്കുമെന്നും ചൗധരി പറഞ്ഞു.

ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ സാധാരണ പൗരന്‍മാരെ അടിച്ചമര്‍ത്തുകയാണെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ അടിയന്തരാവസ്ഥയെ ചെറുത്തത് പോലെ ഇപ്പോഴത്തെ നീക്കവും ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യെച്ചൂരി ഉള്‍പ്പെടെ 9 പ്രമുഖര്‍ക്കെതിരെയാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികളുടെ മൊഴിയനുസരിച്ച് യെച്ചൂരിയും മറ്റുള്ളവരും കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നാണ് അനുബന്ധ കുറ്റപത്രത്തിലുള്ളത്. സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും കലാപത്തിന് ഇവര്‍ പ്രേരണ നല്‍കിയെന്നും വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു. സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ് എന്നിവരെയും അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.