• 20 Sep 2020
  • 12: 38 PM
Latest News arrow

''സ്വപ്‌നയുമായി നല്ല പരിചയം; ചോദ്യം ചെയ്യലിനെത്തിയത് മുഖ്യമന്ത്രിയെ അറിയിച്ചിട്ട്''; കെടി ജലീലിന്റെ മൊഴി പുറത്ത്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനായി മന്ത്രി കെടി ജലീല്‍ എത്തിയത് മുഖ്യമന്ത്രിയെ അറിയിച്ചതിന് ശേഷമാണെന്ന് റിപ്പോര്‍ട്ട്. രണ്ടര മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ശേഷം അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ജലീല്‍ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചറിയിച്ചെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. 

കെടി ജലീലിന്റെ സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. തനിക്ക് 19.5 സെന്റ് സ്ഥലവും വീടും ഉണ്ടെന്ന് മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു. അഞ്ച് ലക്ഷം രൂപയുടെ ലോണും തന്റെ പേരിലുണ്ട്. ഇതില്‍ ഒന്നര ലക്ഷം രൂപ ഇനിയും അടച്ചു തീര്‍ക്കാനുണ്ടെന്നും കെടി ജലീല്‍ അറിയിച്ചു. 

ഭാര്യയുടെ പേരില്‍ 13 ലക്ഷം രൂപയും തന്റെ പേരില്‍ മൂന്ന് ലക്ഷം രൂപയും ഉണ്ട്. രണ്ടും ട്രഷറി അക്കൗണ്ടിലാണുള്ളത്. വസ്തുവിന്റെ ആധാരവും ട്രഷറി നിക്ഷേപം സംബന്ധിച്ച രേഖകളും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്രകാരം ഹാജരാക്കാമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. 

ചോദ്യം ചെയ്യലിന് ഹാജാരാകാനുള്ള നോട്ടീസ് തന്റെ മലപ്പുറത്തെ വിലാസത്തിലാണ് ലഭിച്ചത്. അതിനാലാണ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ചോദ്യം ചെയ്യലിന് എത്തിയത്. യുഎഇ കോണ്‍സുലേറ്റുമായും ഉദ്യോഗസ്ഥരുമായും മികച്ച ബന്ധമാണ് തനിക്കുണ്ടായിരുന്നതെന്നും സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷുമായി നല്ല പരിചയമുണ്ടായിരുന്നുവെന്നും മന്ത്രി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോട് പറഞ്ഞു. 

സ്വപ്നയെ പരിചയം കോണ്‍സുലേറ്റ് സെക്രട്ടറിയെന്ന നിലയിലാണ്. വഖഫ് മന്ത്രിയെന്ന നിലയില്‍ കോണ്‍സുലേറ്റുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നു. കോണ്‍സല്‍ ജനറലുമായി ബന്ധപ്പെട്ടിരുന്നത് സ്വപ്‌ന വഴിയാണ്. അതേസമയം സ്വപ്‌നയുടെ മറ്റ് ഇടപാടുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

യുഎഇ കോണ്‍സുലേറ്റ് നല്‍കിയത് നിരസിക്കുന്നത് ശരിയല്ല എന്നതുകൊണ്ടാണ് മതഗ്രന്ഥങ്ങള്‍ താന്‍ ഏറ്റുവാങ്ങിയത്. മതഗ്രന്ഥങ്ങള്‍ എവിടെയും വിതരണം ചെയ്തിട്ടില്ല. കൊവിഡായതിനാല്‍ അതേപടി സൂക്ഷിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല. ഏത് അന്വേഷണം നേരിടാനും താന്‍ തയ്യാറാണെന്നും മന്ത്രി കെടി ജലീല്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.