100 ഗോളുകളുമായി റൊണാള്‍ഡോ; ലോകത്തിലെ രണ്ടാമന്‍

രാജ്യാന്തര മത്സരങ്ങളില്‍ നൂറ് ഗോള്‍ നേടുന്ന ലോകത്തിലെ രണ്ടാമത്തെ താരവും യൂറോപ്പിലെ ആദ്യ താരവുമായി മാറി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നേഷന്‍സ് ലീഗിലെ വലംകാലന്‍ അടിയിലൂടെയാണ് റൊണാള്‍ഡോ നൂറ് തികച്ചത്. 2019 നവംബര്‍ പതിനാലിലായിരുന്നു 99-ാം ഗോള്‍.
റൊണാള്‍ഡോയുടെ 100 രാജ്യാന്തര ഗോളുകളില്‍ 24 ഗോളുകളും ഹെഡര്‍ ഗോളുകളായിരുന്നു. പത്ത് ഫ്രീകിക്കുകളും 11 പെനല്‍റ്റിയും. നൂറില്‍ 80 ഗോളുകളും നേടിയത് ബോക്‌സിനുള്ളില്‍ നിന്ന് തന്നെ. കളിയുടെ അവസാന മിനിറ്റുകളിലും റൊണാള്‍ഡോ ഗോളുകള്‍ അടിച്ചെടുത്തു. നൂറിലെ 30 ഗോളുകള്‍ അങ്ങിനെ പിറന്നതാണ്.
ഫുട്‌ബോള്‍ ലോകം എക്കാലവും ഓര്‍ത്തിരിക്കുന്ന മൂന്ന് ഗോളുകളും റൊണാള്‍ഡോയുടേതായിട്ടുണ്ട്. 2018 ലെ ലോകകപ്പില്‍ സ്‌പെയിനിനെതിരെ നേടിയ ഫ്രീകിക്ക് അതിലൊന്നാണ്. 88-ാം മിനിറ്റില്‍, പോര്‍ച്ചുഗല്‍ തോല്‍വിയുറപ്പിച്ച വേളയില്‍, സ്‌പെയിനിന്റെ പ്രതിരോധക്കോട്ടയെ തകര്‍ത്തുകൊണ്ട് പാഞ്ഞുകയറിയ ആ ഫ്രീകിക്കിന് ജന്‍മം നല്‍കിയത് റൊണാള്‍ഡോയായിരുന്നു. 2011ല്‍ ഡെന്‍മാര്‍ക്കിനെതിരെ നേടിയ ഗോള്‍ ഫുട്‌ബോള്‍ ലോകം എക്കാലത്തും ഓര്‍ത്തിരിക്കുന്നതാണ്. ഗോള്‍പോസ്റ്റിന് 30 വാര അകലെ നിന്നായിരുന്നു ആ ഗോള്‍. 2019ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നേടിയ ഹാട്രിക്ക് പ്രകടനവും വാഴ്ത്തുപാട്ടുകളില്‍ ഇടംപിടിച്ചു. റൊണാള്‍ഡോയുടെ കളിയഴക് ലോകം കണ്ട നിമിഷങ്ങള്‍.
2003ലാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ആദ്യം കളത്തിലിറങ്ങുന്നത്. ആദ്യ വര്‍ഷം രണ്ട് മത്സരത്തിലും ഗോള്‍ നേടാനായില്ല. 2004ല്‍ ഗ്രീസിനെതിരെ ഹെഡര്‍ ഗോളിലൂടെയാണ് രാജ്യാന്തര കരിയറിലെ ആദ്യ ഗോളെത്തുന്നത്. പിന്നീടങ്ങോട്ട് ഒരു വര്‍ഷം പത്തോ അതിലധികമോ ഗോള്‍ നേടുന്ന കളിക്കാരനായി മാറി. ഇനി മുമ്പിലുള്ളത് ഇറാന്റെ അലി ദായി മാത്രം. അത് മറികടക്കാന്‍ വേണ്ടത് ഒമ്പത് ഗോള്‍ കൂടി.