• 26 Nov 2020
  • 08: 22 PM
Latest News arrow

സലീല്‍ദായുടെ ഓര്‍മ്മകളില്‍

മലയാളത്തിന് ഒരു കാലത്ത് മറക്കാനാവാത്ത നിരവധി ഈണങ്ങള്‍ സമ്മാനിച്ച ഒരു മഹാനുഭാവന്‍ നമ്മളെ വിട്ടുപിരിഞ്ഞിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു, സലീല്‍ ചൗധരി. മലയാളികളെ ഏറെ സ്വാധീനിച്ച ബംഗാളി സംഗീതജ്ഞന്‍. സലീല്‍ദാ എന്ന് പറഞ്ഞാല്‍ തന്നെ നമ്മുക്ക് ഒരു പ്രണയമാണ്. സലീല്‍ദായെ കണ്ടാല്‍ ആരും ഒന്ന് മയങ്ങി നിന്നുപോകും. ഒരു കൊച്ചുകുട്ടിയെപ്പോലെ ആരെയും സ്‌നേഹിക്കാന്‍ മനസ്സുള്ളയാള്‍. 

ബംഗാളിലും മലയാളത്തിലുമൊക്കെ നിരവധി ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ സലീല്‍ ചൗധരിയെ മലയാളികള്‍ക്ക് പരിചയം ചെമ്മീന്‍ എന്ന സിനിമയിലെ ഗാനങ്ങളിലൂടെയാണ്. വളരെ വ്യത്യസ്തമായ സംഗീത സംവിധായകനായിരുന്നു. ഇന്ത്യയിലുള്ള വിവിധ ഭാഷകളില്‍ സംഗീതസംവിധാനം നിര്‍വഹിച്ച സലീല്‍ദാ ഭാഷയ്ക്ക് അനുസരിച്ചുള്ള സംഗീതമാണ് നല്‍കിയിരുന്നതെങ്കിലും ഒരു വെസ്റ്റേണ്‍ കോഡ്‌സ് പ്രോഗ്രഷനിലൂടെയാണ് അവ പോകുക. അപ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് ഒരു ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങളുടെ അനുഭവമാണുണ്ടാവുക. എന്നാല്‍ സലീല്‍ദാ പാശ്ചാത്യ ഈണങ്ങളെ ഹിന്ദുസ്ഥാനി ഈണങ്ങളുമായി ലയിപ്പിച്ചുണ്ടാക്കുന്ന പാട്ടുകള്‍ക്ക് പക്ഷേ ഈ ചുവ വരാറില്ല. അത്രയ്ക്ക് മനോഹരമായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങള്‍. 

ഒരു സംഗീത സംവിധായകന്റെ എല്ലാ പാട്ടുകളും നമ്മുക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല. പക്ഷേ, സലീല്‍ ചൗധരിയുടെ പാട്ടുകളില്‍ അങ്ങിനെ മികവില്ലാത്ത ഒരു പാട്ടുപോലും നമ്മുക്ക് കണ്ടെത്താന്‍ കഴിയില്ല. എല്ലാത്തിനും അതിന്റേതായ പ്രത്യേകതയുണ്ടായിരുന്നു. ഇന്നും അദ്ദേഹം പാട്ടുകള്‍ക്ക് ഇട്ട പശ്ചാത്തല സംഗീതത്തിന്റെ പുതുമ നഷ്ടപ്പെട്ടിട്ടില്ല. ബംഗാളില്‍ കവിതയെഴുതിയിരുന്ന സലീല്‍ദായ്ക്ക് കവിത മനസ്സിലുള്ളതുകൊണ്ട് സംഗീതത്തിന് പ്രത്യേക ഭാവം നല്‍കാന്‍ കഴിഞ്ഞിരുന്നു. 

ബംഗാളികളുടേതിനേക്കാള്‍ മലയാളികളുടെ മനസ്സിലാണ് സലീല്‍ദാ കൂടുകൂട്ടിയത്. അക്കാലത്ത് മലയാളത്തില്‍ മഹാനുഭാവന്‍മാരായ സംഗീതജ്ഞരുള്ള കാലമായിരുന്നു. ദേവരാജന്‍ മാസ്റ്റര്‍, ബാബുക്ക, സാമി, രാഘവന്‍ മാഷ് എന്നിവരുടെയെല്ലാം ഇടയിലേക്ക് മറ്റൊരു സംസ്ഥാനത്ത് നിന്ന് വന്ന സലീല്‍ ചൗധരി ശക്തമായ ഇടിച്ചുകയറ്റമാണ് നടത്തിയത്. 

അദ്ദേഹത്തിനെ പോലെ അദ്ദേഹം മാത്രമേയുള്ളൂ. മറ്റാരെയും നമ്മുക്ക് അനുകരിക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ അനുകരിക്കാന്‍ കഴിയാത്ത വ്യക്തിത്വമാണ് സലീല്‍ ചൗധരി.