• 20 Sep 2020
  • 02: 41 PM
Latest News arrow

ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം

ഇന്ത്യയില്‍ ആദ്യമായി രൂപപ്പെടുത്തിയെടുത്ത ദേശീയ ഓണ്‍ലൈന്‍ ഒപിയാണ് ഇ-സഞ്ജീവനി. വ്യക്തിസൗഹൃദ ടെലിമെഡിസിന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനമാണിത്. നാഷ്ണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഈ പദ്ധതിയ്ക്ക് രൂപം നല്‍കിയത്.

കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംരംഭം. ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി ജനങ്ങള്‍ക്ക് മികച്ച വൈദ്യസഹായം നല്‍കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. ജീവിത ശൈലി രോഗങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ക്ക് ഇ-സഞ്ജീവനി വഴി ആശുപത്രിയില്‍ പോകാതെ ചികിത്സ തേടാന്‍ പറ്റും. ക്വാറന്റീനില്‍ കഴിയുന്ന രോഗികള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. ഇ-സഞ്ജീവനി പ്ലാറ്റ്‌ഫോമില്‍ എത്തുന്നവരുടെ മുന്‍ ചികിത്സാരേഖകള്‍ പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാണ്.

2020 ജൂണ്‍ ഒമ്പതോടെ ഇ-സഞ്ജീവനി കേരളത്തിലും പ്രവര്‍ത്തനം തുടങ്ങി. സ്മാര്‍ട്‌ഫോണ്‍, കംപ്യൂട്ടര്‍, ലാപ്‌ടോപ് എന്നിങ്ങനെയുള്ള ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിച്ച് വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി ഡോക്ടറോട് നേരിട്ട് സംസാരിക്കാം. തുടര്‍ന്ന് ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്ന് കുറിപ്പടി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡോക്ടറുമായി ബന്ധപ്പെടാന്‍ എന്തെങ്കിലും തടസ്സം നേരിടുകയാണെങ്കില്‍ ദിശ 1056/04712552056 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണ്.

കേരളത്തില്‍ തിരുവനന്തപുരത്താണ് ടെലി മെഡിസിന്‍ ആദ്യം തുടങ്ങിയത്. ഇത് വിജയകരമായതിനെ തുടര്‍ന്ന് എല്ലാ ജില്ലകളിലും ഹബ്ബ് ആരംഭിച്ചു. അടുത്ത ലക്ഷ്യം മെഡിക്കല്‍ കോളേജുകളില്‍ ഹബ്ബ് തുടങ്ങുക എന്നതാണ്. 

 

Editors Choice