• 24 Jul 2021
  • 03: 14 AM
Latest News arrow

ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്: ചൈനയ്ക്കുള്ള മറുപടി

ചൈനയുടെ പ്രകോപനത്തിന് ഇന്ത്യയുടെ ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും പ്രതിരോധ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. നിരോധിക്കപ്പെട്ടവയില്‍ ജനപ്രിയ ഗെയിം പബ്ജിയും ഉള്‍പ്പെടുന്നു. ആദ്യ ഘട്ടത്തില്‍ നിരോധിച്ച ടിക് ടോക്ക് അടക്കം 59 ആപ്പുകളും ചേര്‍ത്ത് ഇതുവരെ വിലക്കിയത് 224 ആപ്പുകളെ. എന്താണ് ഈ നിരോധനത്തിന് പിന്നില്‍? ഡേറ്റ ചോര്‍ച്ച തടയുമോ ആപ്പ് നിരോധനം? അതിര്‍ത്തിയിലെ പ്രകോപനത്തിന് ചൈനയ്ക്കുള്ള ഉചിതമായ മറുപടിയാണോ ഇത്?

നിരോധിച്ച പബ്ജി ഗെയിമിന് ഇന്ത്യയില്‍ 3.3 കോടി ഉപയോക്താക്കളുണ്ട്. ദിവസവും ഒരു കോടിയിലധികം ആളുകള്‍ ഉപയോഗിക്കുന്നു. ലൂഡോ എന്ന മറ്റൊരു ഗെയിം ആപ്പ്, വി ചാറ്റ്, ബ്യൂട്ടി ക്യാമറ, ഫേസ് യൂ, സക് സക് എന്നിവയും നിരോധിച്ച ആപ്പുകളില്‍ ജനപ്രീതിയുള്ളവയാണ്. ഐടി ആക്ടിന്റെ 69 എ ഉപയോഗിച്ചാണ് ഈ ആപ്പുകള്‍ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് വേണ്ടിയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള വകുപ്പാണിത്. അതുകൊണ്ട് ആപ്പ് നിരോധനത്തെ നിയമപരമായ നൂലാമാലകള്‍ ഒന്നും ബാധിക്കില്ല. അതേസമയം എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് ഈ ആപ്പുകള്‍ പൗരന്‍മാരുടെ വ്യക്തിസുരക്ഷയെയും രാജ്യസുരക്ഷയെയും ബാധിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, സുരക്ഷയ്ക്കായി ഓരോരുത്തരും എടുക്കേണ്ട നടപടികളെന്തെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല. 

ഇന്ത്യയുടെ സമ്മര്‍ദ്ദ തന്ത്രമാണ് ഇതെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ചൈനയെപ്പോലുള്ള ആഗോള ഭീമന്‍ സ്വന്തം രാജ്യത്ത് തന്നെ ടെക്‌നോളജി ഉപയോഗിച്ച് മാസ് സര്‍വൈലന്‍സ് നടത്തുന്നുണ്ട്. അപ്പോള്‍ തങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന രാജ്യത്തോട് അപ്രകാരം ചെയ്യില്ല എന്ന് എങ്ങിനെ പറയാന്‍ സാധിക്കും? കണ്‍സ്യൂമര്‍ സര്‍വൈലന്‍സ് അടക്കം ചൈന നടത്തുണ്ട്. ചൈനയും ഇന്ത്യയും തമ്മിലുള്ള യുദ്ധം നടക്കുന്നത് അതിര്‍ത്തിയില്‍ മാത്രമല്ല. ഇന്ത്യയുടെ ഏറ്റവും ചെറിയ കുഗ്രാമത്തില്‍പ്പോലും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിറയ്ക്കുന്ന സാമ്പത്തിക യുദ്ധം തന്നെ ചൈനീസ് നടത്തുന്നുണ്ട്. അതുകൊണ്ട് ചെറിയ കാര്യത്തില്‍പ്പോലും നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. അതുകൊണ്ട് ദീര്‍ഘകാലത്തേയ്ക്ക് നീളുന്ന പോരാട്ടത്തില്‍ ഇത്തരമൊരു ആപ്പ് നിരോധനമൊക്കെ അനിവാര്യമാണ്. 

2017ല്‍ ചൈന പാസാക്കിയ ഒരു നിയമമുണ്ട്. ചൈനീസ് കമ്പനികള്‍ ഏത് രാജ്യത്ത് പ്രവര്‍ത്തിച്ചാലും അവിടുത്തെ ഇന്റലിജന്‍സോ കോണ്‍ഫിഡന്‍ഷ്യലോ ആയ ഏതൊരു വിരവും ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കമ്പനികള്‍ നല്‍കണം. ചൈനയ്ക്ക് എപ്പോള്‍ വേണമെങ്കിലും ഇത്തരം വിവരങ്ങള്‍ ശേഖരിക്കാന്‍ ഇതുവഴി സാധിക്കും. 

അതേസമയം 2020ല്‍ തന്നെ 130 മില്ല്യണ്‍ ഡോളറാണ് പബ്ജിയിലൂടെ മാത്രം നഷ്ടമായത്. ഒറ്റ ആപ്പിലൂടെ ഇത്രമാത്രം സാമ്പത്തിക നഷ്ടം ഉണ്ടായിരിക്കുന്നു. അതുപോലെ 30 ലക്ഷത്തോളം ആപ്പുകളാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ളത്. അതില്‍ തന്നെ ഒന്നര ലക്ഷത്തോളം വരുന്ന ആപ്പുകളാണ് ഇന്ത്യന്‍ നിര്‍മ്മിതം. മറ്റുള്ളവയെല്ലാം വിദേശികളാണ്. ഈ സാഹചര്യത്തില്‍ ആപ്പുകളുടെ വന്‍തോതിലുള്ള നിരോധനം ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ വരവിന് തടസ്സമാകാന്‍ കാരണമായേക്കും. എന്നിരുന്നാലും വിദേശനിക്ഷേപത്തേക്കാള്‍ എന്തുകൊണ്ടും പ്രാധാന്യം നല്‍കേണ്ടത് പൗരന്‍മാരുടെ സുരക്ഷയ്ക്കാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.