• 22 Sep 2020
  • 02: 18 PM
Latest News arrow

വിധികള്‍ വിവാദങ്ങള്‍ പ്രതിഷേധങ്ങള്‍; ജസ്റ്റിസ് അരുണ്‍ മിശ്ര പടിയിറങ്ങുമ്പോള്‍

വിധികളും വിവാദങ്ങളും ബാക്കിയാക്കി ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീംകോടതിയുടെ പടികളിറങ്ങുന്നു. ഇന്ന് വിരമിക്കുന്ന ജസ്റ്റിസ് മിശ്ര ചരിത്രപരമായ പല വിധികളും പ്രസ്താവിച്ചതിന് ശേഷമാണ് മടങ്ങുന്നത്. മരടില്‍ അനധികൃതമായി നിര്‍മ്മിച്ച നാല് ഫ്‌ളാറ്റുകള്‍ തകര്‍ക്കാനുള്ള ഉത്തരവിലൂടെയും പതിറ്റാണ്ടുകളായി നിലനിന്ന പള്ളിക്കേസില്‍ അന്തിമ തീര്‍പ്പാക്കിയും മലയാളികള്‍ക്കിടയിലും ജസ്റ്റിസ് അരുണ്‍ മിശ്ര ചിരപരിചിതനാണ്. ഏറ്റവുമൊടുവില്‍ പ്രശാന്ത് ഭൂഷണിനെ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്നുള്ള വിവാദത്തിനിടയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിക്കുന്നത്.

സുപ്രീംകോടതിയുടെ സമീപകാല ചരിത്രത്തില്‍ ഇത്രയും വാര്‍ത്താ പ്രാധാന്യം നേടിയ മറ്റൊരു ജഡ്ജിയില്ല. കൈകാര്യം ചെയ്ത കേസുകളും പുറപ്പെടുവിച്ച വിധികളും പലവിധത്തില്‍ വിവാദങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. രാജസ്ഥാന്‍, കല്‍ക്കത്ത ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായിരുന്നു. 2014 ജൂലൈയില്‍ സുപ്രീംകോടതിയിലേക്ക്. പുറപ്പെടുവിച്ച 132 വിധികളില്‍ മിക്കതും രാഷ്ട്രീയ പ്രാധാന്യമുള്ളവ. തുടക്കകാലത്ത് തന്നെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകള്‍ ജസ്റ്റിസ് മിശ്രയുടെ ബെഞ്ചിന് നല്‍കിയ നടപടി വഴിവെച്ചത് നാല് മുതിര്‍ന്ന ജഡ്ജിമാരുടെ അസാധാരണ വാര്‍ത്താ സമ്മേളനത്തിലേക്ക്. അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് മിശ്രയുടെ ബെഞ്ചിന് വിട്ടതിനെതിരെയായിരുന്നു ജഡ്ജിമാരുടെ പ്രതിഷേധം. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവര്‍ക്ക് കോടികള്‍ കോഴ നല്‍കിയെന്ന ആരോപണമുയര്‍ന്ന സഹാറ ബിര്‍ള ഡയറിയില്‍ അന്വേഷണം നിഷേധിച്ചതും ഗുജറാത്ത് സര്‍ക്കാരിന്റെ വേട്ടയാടലിന് വിധേയനായ സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജികള്‍ തള്ളിയതും കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദിനെതിരെ വെവ്വേറെ വിചാരണയ്ക്ക് അനുമതി നല്‍കിയും നിയമവൃത്തങ്ങളില്‍ തന്നെ വിവാദമായി. കോടതി മുറിയ്ക്കുള്ളിലെ പരാമര്‍ശങ്ങളും ഇടപെടലുകളും പ്രതിഷേധത്തിനിടയാക്കി. ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ സ്വന്തം വിധി പുന:പരിശോധിക്കുന്ന അഞ്ചംഗ ബെഞ്ചിന് നേതൃത്വം നല്‍കിയതും ഉദാഹരണം. ഇത് ചോദ്യം ചെയ്ത അഭിഭാഷകരോട് നടത്തിയ പരാമര്‍ശങ്ങള്‍ അഭിഭാഷക സമൂഹത്തെ ചൊടിപ്പിച്ചു. മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പെടെ ജസ്റ്റിസ് മിശ്രയുടെ കോടതി മുറിയില്‍ പ്രതിഷേധിച്ചതോടെയാണ് ആ അധ്യായം അവസാനിച്ചത്.