• 20 Sep 2020
  • 12: 39 PM
Latest News arrow

കേരളത്തില്‍ മൂന്ന് വിലകളില്‍ സ്വര്‍ണവില്‍പ്പന

കൊച്ചി: കേരളത്തില്‍ വെള്ളിയാഴ്ച സ്വര്‍ണ വില്‍പ്പന നടന്നത് മൂന്ന് വ്യത്യസ്ത വിലകളില്‍. ബി ഗോവിന്ദന്‍ പ്രസിഡന്റും കെ സുരേന്ദ്രന്‍ ജനറല്‍ സെക്രട്ടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് സംസ്ഥാനത്ത് ഔദ്യോഗികമായി സ്വര്‍ണവില നിശ്ചയിക്കുന്നത്. വര്‍ഷങ്ങളായി ഇവര്‍ക്കാണ് വിലനിര്‍ണയാധികാരം. ഇവര്‍ വെള്ളിയാഴ്ച നിശ്ചയിച്ച നിരക്ക് പവന് 37,840 ഉം ഗ്രാമിന് 4730 മാണ്. 

എന്നാല്‍ മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ചില പ്രദേശങ്ങളില്‍ പവന് 37,200 രൂപ, 37,040 രൂപ നിരക്കുകളിലാണ് വില്‍പ്പന നടന്നത്. തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം വ്യാപാരികളുടെ സംഘടനയായ കെജിഎസ്ഡിഎ എന്ന സംഘടന പവന് 37,040 രൂപയും ഗ്രാമിന് 4630 രൂപയും വില കണക്കാക്കി.

സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വില, ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കുന്നത്. അതേസമയം ബോര്‍ഡ് റേറ്റിനെക്കാള്‍ പവന് 640 രൂപയുടെ വ്യത്യാസത്തിലാണ് പാലത്തറ വിഭാഗം എകെജിഎസ്എംഎ വ്യാപാരികള്‍ സ്വര്‍ണം വിറ്റത്. കെജിഎസ്ഡിഎയിലെ അംഗങ്ങളാകട്ടെ പവന് 800 രൂപ കുറച്ചാണ് വില നിശ്ചയിച്ചത്. കൊവിഡ് പ്രതിസന്ധിയും ഓണക്കാലവുമായതിനാല്‍ തങ്ങള്‍ക്ക് കിട്ടേണ്ടുന്ന ലാഭത്തില്‍ ചെറിയ വിഹിതം കുറച്ചാണ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതെന്ന് ജസ്റ്റിന്‍ പാലത്തറ പറഞ്ഞു. വില്‍പ്പന പ്രോത്സാഹിപ്പിക്കാനാണ് ഇങ്ങിനെ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.