• 10 Jun 2023
  • 05: 24 PM
Latest News arrow

കാലിത്തൊഴുത്തില്‍ പിറന്ന ആഗോള സാഹിത്യം; ബുക്കര്‍ പ്രൈസ് നേടിയ മരീക്ക തൊഴുത്തില്‍ കന്നുകാലികള്‍ക്കൊപ്പമാണ്

ഇത്തവണത്തെ ബുക്കര്‍ പ്രൈസ് 29 വയസ്സുള്ള ഡച്ചുകാരി മരീക്ക ലൂകാസ് റെജീന്‍വേല്‍ഡിന്. കാലിവളര്‍ത്തലിനിടെ ഇരുപത്തിയാറാം വയസ്സില്‍ എഴുതിയ 'വൈകുന്നേരത്തിന്റെ വിഷമതകള്‍' എന്ന നോവലാണ് മരീക്കയെ ബുക്കര്‍ ജേതാവാക്കിയത്. 

പത്താം വയസ്സ് മുതല്‍ മരീക്ക കാലിവളര്‍ത്തല്‍ തുടങ്ങി. ചാണകം വാരിയും കന്നുകാലികളെ കുളിപ്പിച്ചും തൊഴുത്ത് വൃത്തിയാക്കിയും നടക്കുന്നതിനിടെ പതിമൂന്നാം വയസ്സ് മുതല്‍ കറവയും ചെയ്തു തുടങ്ങി. ആണ്‍കുട്ടികളുടെ വേഷമിട്ടായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. ബാക്കിയുള്ള സമയം തൊഴുത്തില്‍ തന്നെ. പഠനത്തോട് ഒട്ടും താല്‍പ്പര്യമില്ലായിരുന്നു.

ഈ സമയത്ത് ഒരു കവിതാ സമാഹാരം ജനിച്ചു. അതിന്റെ പേര് പശുവിന്റെ ഗര്‍ഭപാത്രം എന്നായിരുന്നു. മരീക്കയുടെ 22 കവിതകള്‍ സാഹിത്യലോകത്തേയ്ക്ക് പാഞ്ഞുകയറി. പിന്നീട് നെതര്‍ലന്‍ഡ്‌സിനെ ഇളക്കിമറിച്ചുകൊണ്ട് ആദ്യനോവല്‍ 'വൈകുന്നേരത്തിന്റെ വിഷമതകള്‍' എത്തി. കാലിത്തൊഴുത്തില്‍ വളരുന്ന ജോ എന്ന പത്ത് വയസ്സുകാരിയുടെ കഥയായിരുന്നു ഇത്. ഡച്ച് ഭാഷയിലാണ് നോവല്‍. സഹോദരന്‍ ഐസ്സ്‌കേറ്റിങ്ങില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കുടുംബത്തിലുണ്ടാകുന്ന അന്തഛിദ്രങ്ങളാണ് കഥയുടെ ഇതിവൃത്തം. മൃഗങ്ങളെപ്പോലും ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന മനുഷ്യര്‍. സഹോദരങ്ങളെ ലൈംഗിക അടിമകളാക്കുന്നവര്‍. അങ്ങിനെ നോവല്‍ കൈകാര്യം ചെയ്ത വിഷയങ്ങളെല്ലാം തീവ്രവും ആഴമുള്ളതായിരുന്നു. 

ബുക്കര്‍ പ്രൈസ് തേടിയെത്തുമ്പോഴും കഥാകാരി ഒറ്റയ്‌ക്കൊരു തൊഴുത്തില്‍ കഴിയുകയാണ്. പുസ്തകത്തിലെ കഥയും മരീക്കയുടെ ജീവിതവും തമ്മിലുള്ള സാമ്യം നിമിത്തം ബന്ധുക്കളെല്ലാം അവരെ ആട്ടിയോടിച്ചു. ബുക്കര്‍ പ്രൈസ് ലഭിച്ച അവസരത്തിലെങ്കിലും ബന്ധുക്കള്‍ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഈ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി.