• 10 Jun 2023
  • 05: 17 PM
Latest News arrow

അപ്രതീക്ഷിതം ഈ വിരമിക്കല്‍; ഞെട്ടല്‍ വിട്ടുമാറാതെ ആരാധകര്‍

എപ്പോഴും അപ്രതീക്ഷിതമായി കാര്യങ്ങള്‍ ചെയ്യുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനായ എംഎസ് ധോണി. അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനവും അത്തരത്തില്‍ വളരെ അപ്രതീക്ഷിതമായിപ്പോയി. ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ടാണ് ഇന്നലെ രാത്രി 7.29 മുതല്‍ താന്‍ വിരമിച്ചതായി കണക്കാക്കണമെന്ന് എംഎസ് ധോണി അറിയിച്ചത്. 

ധോണിയുടെ തീരുമാനങ്ങളെല്ലാം എപ്പോഴും ഇങ്ങിനെയായിരുന്നു. ഒരു ക്യാപ്റ്റന്‍ എന്ന നിലയിലെടുക്കുന്ന തീരുമാനങ്ങള്‍, ടീമില്‍ ആരൊക്കെ അംഗങ്ങളാകണമെന്ന തീരുമാനങ്ങള്‍, ഇതിനെല്ലാം അദ്ദേഹത്തിന് ഒരു പ്രത്യേകതയുണ്ട്. ചിലപ്പോഴെങ്കിലും ആ തീരുമാനങ്ങള്‍ തെറ്റിയിട്ടുണ്ടെങ്കിലും. 2011 ലോകകപ്പില്‍ അദ്ദേഹം എടുത്ത തീരുമാനങ്ങളാണ് ലോകകപ്പ് നഷ്ടപ്പെടാന്‍ കാരണമായതും. സെലക്ടര്‍മാര്‍ തിരഞ്ഞെടുത്ത നിര്‍ണായക കളിക്കാരെ അവര്‍ക്ക് കാര്യക്ഷമത കുറവാണെന്നും പറഞ്ഞ് ധോണി ഒഴിവാക്കിയിരുന്നു. 

അതുല്യമായ വ്യക്തിത്വത്തിനുടമയാണ് എംഎസ് ധോണി. ഇന്ത്യക്കാരെ മാത്രമല്ല, വിദേശ കളിക്കാരെപ്പോലും വളര്‍ത്തുന്ന പ്രതിഭ. ഈയിടെ പാകിസ്ഥാനുമായുള്ള കളി വിജയിച്ച ശേഷം ഇംഗ്ലണ്ട് താരം ബെല്ലിങ്‌സ് പറഞ്ഞത്, തനിക്ക് ഇത്രയും നന്നായി കളിക്കാനും ടീമിനെ വിജയിപ്പിക്കാനും കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം എംഎസ് ധോണിയാണെന്നാണ്. വിരമിച്ച ഷെയന്‍ വാട്‌സണെ കളിക്കളത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതും എംഎസ് ധോണിയാണ്. 

ധോണിയുടെ 350-ാമത്തെ മത്സരമായിരുന്നു ലോകകപ്പ് സെമി ഫൈനല്‍. അതിന് ശേഷം അദ്ദേഹം കളിക്കാന്‍ കൂട്ടാക്കിയില്ല. രഞ്ജിയില്‍ ജാര്‍ഖണ്ഡിന് പോലും കളിച്ചില്ല. അപ്പോള്‍ നമ്മള്‍ വിചാരിച്ചു, അദ്ദേഹം വിരമിക്കാനായി തയ്യാറെടുക്കുകയായിരുന്നുവെന്ന്. എന്നാല്‍ പെട്ടെന്നാണ് ഐപിഎല്ലിന് വേണ്ടി അദ്ദേഹം തയ്യാറെടുക്കുന്ന വിവരമറിയുന്നത്. ഇതോടെ 2020 ലോകകപ്പായിരിക്കും വിരമിക്കല്‍ മത്സരമായി അദ്ദേഹം ലക്ഷ്യമിട്ടിരിക്കുന്നതെന്ന് നമ്മള്‍ വിചാരിച്ചു. എന്നാല്‍ ആ പ്രതീക്ഷയെ ധോണി തകിടംമറിച്ചിരിക്കുകയാണ്.

ഒരു വിരമിക്കല്‍ മത്സരം പോലുമില്ലാതെയാണ് ലോകം കണ്ട മികച്ച ക്രിക്കറ്റ് പ്രതിഭ വിരമിക്കുന്നത്. ഒരു ബിസിനസ് ഗ്രൂപ്പായ ബിസിസിഐയ്ക്ക് കളിക്കാര്‍ക്ക് വിരമിക്കല്‍ മത്സരം കൊടുക്കാനുള്ള ചിന്തയൊന്നമില്ല. ഇര്‍ഫാന്‍ പത്താനും ഹര്‍ഭജന്‍സിങ്ങും യുവരാജ് സിങ്ങുമൊക്കെ വിരമിച്ചുപോയത് ഒരു വിരമിക്കല്‍ മത്സരം കിട്ടിയിട്ടല്ല. സേവാഗിന് വിരമിക്കല്‍ മത്സരം കൊടുത്തില്ലെന്ന് പറഞ്ഞ് ധോണിയ്‌ക്കെതിരെ വിമര്‍ശനം പോലുമുണ്ടായിരുന്നു. ഗൗതം ഗംഭീറിനും കൊടുത്തില്ല. എന്നാല്‍ ഇപ്പോള്‍ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വന്നിരിക്കുന്നു. അതുകൊണ്ട് ചിലപ്പോള്‍ ധോണിയ്‌ക്കൊരു വിരമിക്കല്‍ മത്സരം കിട്ടിയേനേ. പക്ഷേ, കൊവിഡിന്റെ വരവ് കാരണം ആ സാധ്യതയും അപ്രത്യക്ഷമായി.

എംഎസ് ധോണിയെ കണ്ടെത്തിയത് സൗരവ് ഗാംഗുലിയാണ്. 2003 ലോകകപ്പ് ഫൈനലില്‍ തോറ്റപ്പോള്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമായി പറഞ്ഞു, ''ഞാന്‍ വിക്കറ്റ് കീപ്പിങ് ആസ്വദിക്കുന്നില്ല, അതെന്റെ ബാറ്റിങ്ങിനെ ബാധിക്കുന്നുവെന്ന്''. 2003 ലോകകപ്പ് വരെ ദ്രാവിഡ് ആയിരുന്നു വിക്കറ്റ് കീപ്പര്‍. ഇതോടെ സൗരവ് ഗാംഗുലി ശരിക്കും ഒരു വിക്കറ്റ് കീപ്പര്‍ക്ക് വേണ്ടി തിരയാന്‍ തുടങ്ങി. അങ്ങിനെയാണ് ജാര്‍ഖണ്ഡിലെ ഈ കൡക്കാരനെ കണ്ടെത്തുന്നത്. സാധാരണ ബിസിസിഐയുടെ കണ്ണ് ഒരിക്കലും പ്രധാന സംസ്ഥാനങ്ങള്‍ക്ക് അപ്പുറം പോകാറില്ല. അവിടെയാണ് സൗരവ് ഗാംഗുലിയുടെ റോള്‍. ഗാംഗുലിയാണ് ശരിക്കും ധോണിയെ കണ്ടെത്തിയതും 2003 ബംഗ്ലാദേശ് സീരീസില്‍ കൊണ്ടുവന്ന് അദ്ദേഹത്തെ കളിപ്പിക്കുന്നതും.

സാമ്പ്രദായികമല്ലാത്തെ ഒരു രീതി ധോണിയ്ക്കുണ്ടായിരുന്നു. അയാളുടെ രീതികള്‍ ഉന്നതമാണെന്ന് പക്ഷേ, ക്രിക്കറ്റ് നിരൂപകര്‍ പോലും പറയില്ല. എന്നിരുന്നാലും അയാള്‍ക്ക് അയാളുടേതായ ഒരു രീതിയുണ്ടായിരുന്നു. ബെസ്റ്റ് ഫിനിഷര്‍ എന്ന പേര് അദ്ദേഹത്തിന് കിട്ടി. അവസാന കാലങ്ങളില്‍ നന്നായി ഫിനിഷ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയുമുണ്ടായിരുന്നു. ഫിറ്റ്‌നസ് പ്രശ്‌നമുണ്ടായിരുന്നെങ്കിലും അദ്ദേഹം അതെല്ലാം മറയ്ക്കാന്‍ ശ്രമിച്ചു. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച വിക്കറ്റ് കീപ്പിങ്ങായിരുന്നു എംഎസ് ധോണിയുടേത്. വിക്കറ്റ് കീപ്പറായിട്ടാണ് അദ്ദേഹം ടീമിലെത്തിയത്. പിന്നീട് മികച്ച ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായി മാറുന്നതാണ് നാം കണ്ടത്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ മൂന്ന് ചാമ്പ്യന്‍ഷിപ്പ് ജയിച്ചു. ധോണിയുടെ നായകത്വത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ നേടി.

കുഗ്രാമത്തില്‍ നിന്ന് വന്ന വ്യക്തിയ്ക്ക് വളരെ അപ്രതീക്ഷിതമായ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമായിരുന്നു എംഎസ് ധോണി. അദ്ദേഹം വന്നതോടെ പ്രധാന സംസ്ഥാനങ്ങളില്‍ നിന്നല്ലാത്തവര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വരാന്‍ കഴിയുമെന്ന് വ്യക്തമായി. സൗരാഷ്ട്രയില്‍ നിന്നെത്തിയ രവീന്ദ്ര ജഡേജ ഒരു ഉദാഹരണം മാത്രം. കേരളത്തില്‍ നിന്ന് ശ്രീശാന്തിനും വരാന്‍ പറ്റി. അദ്ദേഹത്തിന്റെ വരവോടെ റാഞ്ചി ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് നിരവധി ഏകദിനങ്ങള്‍ നടന്നിട്ടുള്ള കൊച്ചിയ്ക്ക് പോലും കിട്ടാത്ത ടെസ്റ്റ് സ്റ്റാറ്റസ് കിട്ടി.

ധോണി കളിച്ച ആദ്യത്തെ ഇന്നിങ്‌സില്‍ അദ്ദേഹം റണ്‍ ഔട്ടായിരുന്നു. അവസാനത്തെ ഇന്നിങ്‌സിലും റണ്‍ ഔട്ടായി. ആര്‍ക്കും വിക്കറ്റ് കൊടുക്കാതെ ഔട്ടായ വ്യക്തി ആരെയും അറിയിക്കാത്ത വിധത്തില്‍ വിരമിച്ചിരിക്കുന്നു. സ്വരം നന്നാകുമ്പോള്‍ പാട്ടു നിര്‍ത്തുക എന്ന തത്വമാണ് അദ്ദേഹം പിന്തുടര്‍ന്നതെന്ന് വ്യക്തം. അതുകൊണ്ട് എല്ലാ ഫോര്‍മാറ്റില്‍ നിന്നും അദ്ദേഹം വിരമിച്ചില്ല എന്ന് കരുതുന്ന ആരാധകര്‍ക്ക് നിരാശരാകേണ്ടി വന്നേക്കാം.