• 22 Sep 2020
  • 02: 38 PM
Latest News arrow

രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും; മൂന്ന് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി തയ്യാറാണെന്ന് നരേന്ദ്രമോദി. രാജ്യത്ത് വികസിപ്പിച്ച മൂന്ന് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും ഉല്‍പ്പാദന നടപടികള്‍ ആരംഭിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്രദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആരോഗ്യപരിചരണം ഡിജിറ്റലാക്കും. എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വന്തം കാലില്‍ നില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ലക്ഷക്കണക്കിന് രാജ്യസ്‌നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

അസംസ്‌കൃത വസ്തുക്കള്‍ കയറ്റി അയച്ച് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. ഉല്‍പ്പാദനരംഗം മാറണം. ലോകോത്തര ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ നിര്‍മ്മിക്കണം. തദ്ദേശിയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണം. മെഡിക്കല്‍ ടൂറിസത്തിനും സാധ്യതകളുണ്ട്. സാമ്പത്തിക വികസനത്തിനൊപ്പം നൈപുണ്യ വികാസനവും അനുവാര്യമാണ്. അടിസ്ഥാന സൗകര്യവും വികസിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.