• 22 Sep 2020
  • 02: 34 PM
Latest News arrow

കരിപ്പൂര്‍ സന്ദര്‍ശനം; മലപ്പുറം കളക്ടര്‍ക്കും എസ്പിയ്ക്കും കൊവിഡ്; മുഖ്യമന്ത്രി, ഡിജിപി അടക്കം മന്ത്രിമാരും ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊവിഡ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പോയി. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തില്‍ ആയതിനെ തുടര്‍ന്നാണ് ഇത്. കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘം മുഴുവനായി സ്വയം നിരീക്ഷണത്തില്‍ പോകും.

കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയും അടക്കം ഉദ്യോഗസ്ഥരും കരിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു.  എന്നാല്‍ മറ്റ് പ്രശ്‌നങ്ങളില്ലാത്തതിനാല്‍ ഗവര്‍ണര്‍ നിരീക്ഷണത്തില്‍ പോകേണ്ടെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെകെ ശൈലജ, എസി മൊയ്തീന്‍, വിഎസ് സുനീല്‍ കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. ആന്റിജന്‍ പരിശോധന നടത്തിയെന്നും കൊവിഡ് ഫലം നെഗറ്റീവാണെന്നും മന്ത്രി എസി മൊയ്തീന്‍ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയും ആന്റിജന്‍ പരിശോധനയ്ക്ക് വിധേയനാകും. ആരോഗ്യ വകുപ്പ് മുന്‍കയ്യെടുത്താണ് ഇവ നടത്തുന്നത്.  

കരിപ്പൂര്‍ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്ക് അകമാണ് മലപ്പുറം കളക്ടറും എസ്പിയും അടക്കമുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പ്പെട്ടത് കൊണ്ടാണ് കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംഘത്തിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രിയും ഏഴ്‌ മന്ത്രിമാരും സ്വയം നിരീക്ഷണത്തിലായതോടെ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട തിരുവനന്തപുരത്ത് സഹകരണ- ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.