• 22 Sep 2020
  • 12: 40 PM
Latest News arrow

ആല്‍ബിന്‍ മുമ്പും വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പൊലീസ്; കോഴിക്കറിയില്‍ വിഷം കലര്‍ത്തിയത് പരാജയപ്പെട്ടു

കാസര്‍കോട്: കാസര്‍കോട്ട് സഹോദരിയെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ആല്‍ബിന്‍ നേരത്തെയും കുടുംബത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് പൊലീസ്. സ്വത്ത് തട്ടിയെടുക്കുകയായിരുന്നു ആല്‍ബിന്റെ ലക്ഷ്യം. ആല്‍ബിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

രണ്ടാഴ്ച മുമ്പാണ് കുടുംബാംഗങ്ങളെ കൊല്ലാന്‍ ആല്‍ബിന്‍ പദ്ധതിയിട്ടത്. അന്ന് കോഴിക്കറിയില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നു. എന്നാല്‍ വിഷത്തിന്റെ അളവ് കുറവായിരുന്നതിനാല്‍ കുടുംബാംഗങ്ങള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ജൂലൈ 29ന് തൊട്ടടുത്ത കടയില്‍ നിന്നും ആല്ബിന്‍ എലിവിഷം വാങ്ങി. പിറ്റേദിവസം വീട്ടില്‍ ഉണ്ടാക്കിയ ഐസ്‌ക്രീമില്‍ ആല്‍ബിന്‍ ഈ വിഷം കലര്‍ത്തി കുടുംബാംഗങ്ങള്‍ക്ക് നല്‍കുകയായിരുന്നു. തുടര്‍ന്ന് ആല്‍ബിന്റെ സഹോദരി ആന്‍മരിയയെ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആല്‍ബിന്റെ പിതാവിനും ഭക്ഷ്യവിഷബാധയേറ്റു. 

ആല്‍ബിന്റെ ശരീരത്തില്‍ മാത്രം വിഷാംശം കണ്ടെത്തിയിട്ടില്ലായെന്ന ഡോക്ടര്‍മാരുടെ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണായകമായത്. സഹോദരിയുടെ മരണാനന്തര ചടങ്ങിലും ഗുരുതരാവസ്ഥയിലായ പിതാവിനെ സന്ദര്‍ശിക്കാനുമൊക്കെ യാതൊരു കൂസലുമില്ലാതെയാണ് ആല്‍ബിന്‍ പോയിരുന്നതെന്നതും സംശയത്തിനിടയാക്കി. തുടര്‍ന്ന് നടത്തിയ അന്വോഷണത്തിലാണ് ആല്‍ബിന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്. സുഖലോലുപതയ്ക്കും തന്റെ രഹസ്യ ബന്ധങ്ങള്‍ തുടരുന്നതിന് കുടുംബം തടസ്സമായതിനാലുമാണ് ഇത്തരമൊരു കൊലപാതകം ആല്‍ബിന്‍ നടത്തിയത്. 

പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലാണ് ആല്‍ബിന്റെ പിതാവ്. ആല്‍ബിനെ ഇന്ന് കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കും. ബുധനാഴ്ച രാത്രിയാണ് ആല്‍ബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്തിരുന്നു.