• 20 Sep 2020
  • 12: 24 PM
Latest News arrow

മരണത്തിലേക്ക് പോകുമ്പോഴും നിങ്ങള്‍ക്ക് ചുറ്റുമുള്ളത് കേള്‍ക്കാന്‍ പറ്റും; പഠനം

ഒരാള്‍ മരണത്തിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് പോലും ചുറ്റുമുള്ള ശബ്ദങ്ങള്‍ കേള്‍ക്കാനാകുമെന്ന് പഠനം. മരണത്തിന് തൊട്ടുമുമ്പ് മനുഷ്യരുടെ കേള്‍വി സജീവമായിരിക്കുമെന്നാണ് ബ്രിട്ടീഷ് കൊളംബിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

മരണത്തിന് തൊട്ടുമുമ്പ് അബോധാവസ്ഥയിലായവരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇതിനായി ആരോഗ്യവാന്‍മാരായ ചെറുപ്പക്കാരിലും ആശുപത്രികളില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞവരേയും പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കി. തുടര്‍ന്ന് 64 ഇലക്ട്രോഡുകള്‍ ഉപയോഗിച്ച് തലച്ചോറിലെ വൈദ്യുത ചലനങ്ങളെ രേഖപ്പെടുത്തി പഠനം നടത്തി. ആദ്യമായി വിവിധ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന സിഗ്നലുകളുടെ വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞ് രേഖപ്പെടുത്തി വെച്ചു. അതിന് ശേഷം ബോധാവസ്ഥയിലും അബോധാവസ്ഥയിലും കിടക്കുന്നവരെ ഇതേ ശബ്ദങ്ങള്‍ തന്നെ കേള്‍പ്പിച്ചു. രണ്ട് കൂട്ടരുടെയും തലച്ചോറില്‍ സമാന സിഗ്നലുകളാണുണ്ടായതെന്ന് വ്യക്തമായി.

മരണത്തിലേക്ക് പോകുന്ന അവസരത്തില്‍പ്പോലും പ്രിയപ്പെട്ടവരുടെ ശബ്ദവും ഇഷ്ടപ്പെട്ട സംഗീതവും ഒരാള്‍ക്ക് കേള്‍ക്കാനാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ എലിസബത്ത് ബ്ലണ്ടന്‍ പറയുന്നു. ഈ പഠനത്തെ സാധൂകരിക്കുന്ന നിരവധി അനുഭവ കഥകളും ഗവേഷകര്‍ വിശദീകരിക്കുന്നുണ്ട്.

ഗില്ലന്‍ ബാരെ സിന്‍ഡ്രം രോഗം വന്ന് അബോധാവസ്ഥയിലായ ജെന്നി ബോന്‍ എന്ന യുവതിയുടെ അനുഭവമാണ് അവയിലൊന്ന്. 2015ലാണ് ജെന്നി അബോധാവസ്ഥയിലായത്. അബോധാവസ്ഥയിലായ കാലഘട്ടത്തില്‍ ജെന്നിയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കുന്നതിനെക്കുറിച്ച് അവരുടെ ജീവിത പങ്കാളിയുമായി ഡോക്ടര്‍ സംസാരിച്ചിരുന്നു. എന്നാല്‍ ജീവിതപങ്കാളി അതിന് സമ്മതിച്ചില്ല. ഡോക്ടര്‍ ഇക്കാര്യം പറയുന്നത് തനിക്ക് ഓര്‍മ്മയുണ്ടെന്നാണ് ജീവിതത്തിലേക്ക് തിരിച്ചുവന്ന ശേഷം ബോണി പറഞ്ഞത്. 

ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് മരണത്തിലേക്ക് വഴുതിവീഴുന്ന അവസാന നിമിഷങ്ങളില്‍പ്പോലും കേള്‍ക്കാനുള്ള ശേഷി നമ്മുക്ക് നഷ്ടപ്പെടുന്നില്ലെന്നാണ്.