• 20 Sep 2020
  • 12: 45 PM
Latest News arrow

പെട്ടിമുടി ദുരന്തം: 16 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ആകെ മരണം 42 ആയി; തിരച്ചില്‍ തുടരുന്നു

മൂന്നാര്‍: ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരില്‍ 16 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ഇന്നലെ 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. 

മണ്ണിനടയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടക്കുന്നത്. ചെളിയും മണ്ണും സമീപത്തെ പുഴയിലേക്ക് ഒഴുക്കി വിട്ടതിന് ശേഷമാണ് മൃതശരീരങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നത്. പത്ത് ഹിറ്റാച്ചികള്‍ ഇതിനായി എത്തിച്ചിട്ടുണ്ട്. മൂന്ന് ദിവസം കൂടി തിരച്ചില്‍ നടത്തുമെന്ന് എന്‍ഡിആര്‍എഫ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി 10.45നാണ് കണ്ണന്‍ദേവന്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഉള്‍പ്രദേശം ആയതിനാല്‍ ഏറെ വൈകിയാണ് ദുരന്തത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. 

ആറ് വനംവകുപ്പ് ജീവനക്കാരും അപകടത്തില്‍പ്പെട്ടുവെന്ന് വനംമന്ത്രി കെ രാജു അറിയിച്ചു. ഇവരില്‍ രണ്ട് പേരുടെ മൃതദേങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരന്‍, വനംമന്ത്രി കെ രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഷാഫി പറമ്പില്‍ എംഎല്‍എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ദുരന്തസ്ഥലം സന്ദര്‍ശിച്ചു.