• 20 Sep 2020
  • 01: 24 PM
Latest News arrow

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്തെ കനത്ത മഴ തുടരും

തിരുവനന്തപുരം: ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇത് കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ കൂടുതല്‍ ദിവസങ്ങളിലേക്ക് നീണ്ടുനില്‍ക്കുമെന്ന് വ്യക്തമായി. 

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത തുടരുകയാണ്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ സ്ഥിതി ഗുരുതരമാണ്. മീനച്ചില്‍, മൂവാറ്റുപുഴ, മണിമല ആറുകള്‍ കരകവിഞ്ഞു.

കോട്ടയം ജില്ലയിലെ റോഡുകളെല്ലാം വെള്ളത്തിലാണ്. പടിഞ്ഞാറന്‍ മേഖലയില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. വെള്ളംകയറിയ ഭാഗങ്ങളിലെ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്. 

സംസ്ഥാനത്തെ ഡാമുകളിലെല്ലാം ജലനിരപ്പ് ഉയരുകയാണ്. പമ്പ ഡാം ഇന്ന് തുറന്നേക്കും. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 135 അടി പിന്നിട്ടു. വയനാട് ബാണാസുരസാഗര്‍ ഡാമും തുറന്നേക്കും.