• 20 Sep 2020
  • 02: 28 PM
Latest News arrow

ആത്മസൗഹൃദത്തിന്റെ തിരിച്ചറിവില്‍ 'ജസ്റ്റ് അസ്'; ഹ്രസ്വചിത്രം വൈറല്‍

വലിയ സംഭവങ്ങള്‍ വേണമെന്നില്ല ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍, ചെറിയ നിമിഷങ്ങള്‍ ധാരാളം. വലിയ സംഭവങ്ങളും വേണ്ട ജീവിതത്തില്‍ സന്തോഷം അനുഭവിക്കാന്‍, ചെറിയ മുഹൂര്‍ത്തങ്ങള്‍ മതിയാകും. രണ്ട് ചെറുപ്പക്കാരുടെ ഒരു രാത്രിയിലെ കുറച്ച് നേരം, കാര്യമാത്ര പ്രസക്തമെന്ന് തോന്നാത്ത കുറച്ച് സംഭാഷണങ്ങള്‍... അവയ്‌ക്കെങ്ങിനെ ഒരാളുടെ ചിന്തയ്ക്ക് ജീവിതത്തിന് മാറ്റത്തിനുള്ള ഉത്‌പ്രേരകമാകാന്‍ കഴിയും, സന്തോഷത്തിനുള്ള കാരണമാകാന്‍ കഴിയും. 'ജസ്റ്റ് അസ്' എന്ന ഹ്രസ്വചിത്രം ആ കോണിലൂടെ ഒന്ന് സഞ്ചരിക്കുകയാണ്.  

അഭിഷേക് എന്ന ഐടി ഉദ്യോഗസ്ഥനായ ചെറുപ്പക്കാരന് ഒരു രാത്രിയില്‍ തന്റെ കോളേജ് സുഹൃത്തിന്റെ ഫോണ്‍ കോള്‍ വരുന്നു. വെറുതെ ഒന്ന് കാണാനും സംസാരിക്കാനുമായി അവള്‍ അവനെ ക്ഷണിക്കുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടുന്ന അവര്‍ ഇണങ്ങിയും പിണങ്ങിയും കുറച്ചു സമയം ചെലവിടുന്നു. ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കുന്നു. സങ്കീര്‍ണമായ കഥാമുഹൂര്‍ത്തങ്ങളോ അമ്പരിപ്പിക്കുന്ന ട്വിസ്റ്റുകളോ ഒന്നുമില്ലാത്ത കുറച്ച് നിമിഷങ്ങള്‍. ജസ്റ്റ് അസ് എന്ന ഹ്രസ്വ ചിത്രം കാണിച്ചു തരുന്നത് ഇതാണ്.

പ്രത്യേകിച്ച് എന്താണ് ഈ ഹ്രസ്വചിത്രത്തിലുള്ളത് എന്ന് തോന്നുമെങ്കിലും ചിത്രം കണ്ടുകഴിയുമ്പോള്‍ പ്രേക്ഷകമനസ്സുകളില്‍ ചില കാര്യങ്ങള്‍ ഊട്ടിയുറപ്പിക്കപ്പെടുന്നുണ്ടെന്നതാണ് വാസ്തവം. ആണിനും പെണ്ണിനും പരസ്പരം തോന്നുക തരളമായ പ്രണയം മാത്രമല്ല, അവര്‍ക്കിടയില്‍ ശക്തമായ ആത്മബന്ധത്തിന് കൂടി വകയുണ്ടെന്ന് ചിത്രം പറയുന്നു. പെണ്ണിന് ബാഹ്യസൗന്ദര്യത്തിനപ്പുറം പ്രഭ ചൊരിയുന്ന ഒരു ആന്തരിക സൗന്ദര്യമുണ്ടെന്ന് അഭിഷേകിന് തിരിച്ചറിയാനും തന്നിലേക്ക് തന്നെയുള്ള തിരിച്ചുനടത്തത്തിന് അയാളെ പ്രാപ്തനാക്കാനും ആ ചെറിയ നിമിഷങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെയാണ് കാര്യമാത്ര പ്രസക്തമല്ലാത്ത ചില മുഹൂര്‍ത്തങ്ങള്‍ക്ക് വലിയ ശക്തിയുണ്ടെന്ന് ജസ്റ്റ് അസ് എന്ന ഹ്രസ്വചിത്രം കാണിച്ചുതരുന്നത്.

രാത്രിയിലെ നഗരക്കാഴ്ചകള്‍ക്കിടയിലൂടെ സൗഹൃദത്തിന്റെ ഊഷ്മളത പങ്കിടുന്ന ആ ചെറുപ്പക്കാരുടെ നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്ക് ആര്‍ദ്രമായ അനുഭവമാക്കിത്തീര്‍ക്കുന്നത് സംഗീതമാണ്. പിഎസ് ജയഹരി എന്ന സംഗീത സംവിധായകന്റെ പശ്ചാത്തല സംഗീതം പ്രേക്ഷക ഹൃദയങ്ങളെയും ചലനാത്മകമാക്കുന്നു. രാത്രിയില്‍ നഗരവീഥിയിലൂടെ നടക്കുന്ന കഥാപാത്രങ്ങളുടെ വികാരങ്ങളുമായി ഇഴുകിച്ചേരാന്‍ പ്രേക്ഷകരെ സഹായിക്കുന്നത് മാസ്മരികമായ ആ സംഗീതമാണ്. 

ചിത്രം സംവിധാനം ചെയ്ത സിജു ബി സരജന്റെയും രാജാറാം എന്ന ഛായാഗ്രാഹകന്റെയും മികവാണ് 'ജസ്റ്റ് അസ്' എന്ന ചിത്രത്തെ നല്ലൊരു കാഴ്ചാനുഭവമാക്കുന്നത്. സ്വാഭാവിക അഭിനയം കൊണ്ട് എഡ്വിന്‍ പൗലോസും കരിഷ്മ ക്ഷേമയും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

ബ്ലെസന്‍ ബെസ്ലേല്‍, സിബിന്‍ ജോര്‍ജ് കെഎല്‍ എന്നിവര്‍ ഭാവനയെ കടലാസില്‍ അക്ഷരങ്ങളായി വരച്ചിട്ടപ്പോള്‍ റിജു ബി സരജനാണ് അതിനെ കാഴ്ചയ്ക്ക് യോഗ്യമായ ഭാഷയിലേക്ക് മാറ്റിയത്. രഞ്ജിത് രാജ് ചിത്രസംയോജനവും നിര്‍വഹിച്ചു.