വടക്കന്‍ കേരളത്തില്‍ കനത്ത മഴയില്‍ വലിയ നാശനഷ്ടങ്ങള്‍; പുഴകളില്‍ ജലനിരപ്പ് ഉയരുന്നു

കോഴിക്കോട്: സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കോഴിക്കോടും വയനാട്ടിലും ശക്തമായ മഴയെത്തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങള്‍. പലയിടങ്ങളിലും മണ്ണിടിഞ്ഞ് വീണും മരം വീണും നിര്‍മ്മിതികള്‍ക്ക് കേടുപാടുകളുണ്ടായി. ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു.
കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിലടക്കം പല പുഴകളിലും ജലനിരപ്പ് ഉയരുകയാണ്. ചാലിയാര്‍ പുഴയില്‍ വലിയ വെള്ളപ്പാച്ചിലാണ്. കോഴിക്കോട് ജില്ലയിലെ മുക്കം, ചേന്ദമംഗലൂര്‍ മേഖലയില്‍ പലയിടത്തും വെള്ളം കയറിത്തുടങ്ങി. മലയോര മേഖലയായ പുതുപ്പാടിയില്‍ വലിയ രീതിയിലുള്ള വെള്ളപ്പാച്ചില്‍ ഉണ്ടായിട്ടുണ്ട്. ഒരിടത്തും ആളപായമില്ല.
കുറ്റ്യാടി മേഖലയിലെ വിലങ്ങാട് മേഖലയില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. പാലങ്ങളെല്ലാം മുങ്ങി. കോഴിക്കോട് ജില്ലയുടെ താഴ്ന്ന മേഖലകളില്‍ വൈകിട്ടോടുകൂടി വെള്ളം പൊങ്ങിയേക്കും. പൂനൂര് പുഴയിലടക്കം ജലനിരപ്പ് ഉയരുന്നുണ്ട്.
കക്കയം ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 204 മില്ലീമീറ്റര്‍ എന്ന നിലയില്‍ മഴ പെയ്തുകൊണ്ടിരുന്നാല്‍ കക്കയം ഡാം തുറക്കേണ്ടി വരും. കുറ്റ്യാടിപ്പുഴയില്‍ ഒരു മീറ്റര്‍ വരെ വെള്ളം ഉയര്‍ന്നേക്കും. അതേസമയം ഈ മേഖലകളിലൊന്നും ക്യാമ്പുകള്‍ തുറന്നിട്ടില്ല. വൈകിട്ടോടുകൂടി ഈ മേഖലയിലുള്ളവരെ മാറ്റിപ്പാര്പ്പിച്ചേക്കാന് സാധ്യതയുണ്ട്.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച വയനാട്ടില്‍ 16 ക്യാമ്പുകള്‍ തുറന്നു. വൈത്തിരി താലൂക്കില്‍ പത്ത് ക്യാമ്പുകളും മാനന്തവാടിയില്‍ 5 ക്യാമ്പുകളും സുല്‍ത്താന്‍ ബത്തേരിയില്‍ ഒരു ക്യാമ്പുമാണ് തുറന്നിരിക്കുന്നത്. 807 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
മേപ്പാടി ഉള്‍പ്പെടെ കുത്തുമല ചൂരല്‍മല, കുറിച്യര്‍മല, മുണ്ടക്കയം എന്നിവിടങ്ങളില്‍ 390 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നു. ചൂരല്‍മലയിലാണ് കൂടുതല്‍ മഴ പെയ്തത്. അതിന്റെ പ്രത്യാഘാതം മലപ്പുറം ജില്ലയിലേക്കാണ് വരുന്നത്. ചാലിയാറിലേക്ക് വെള്ളം കുത്തിയൊഴുകിയെത്തുകയാണ്.
കാരാപ്പുഴ ഡാം നേരത്തെ തന്നെ 15 സെന്റീമീറ്റര്‍ തുറന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നുണ്ട്. കര്‍ണാടകയുടെ അധീനതയില്‍ ബീച്ചനഹള്ളിയിലുള്ള കബനി ഡാമില്‍ 40,000 ക്യുമെക്സ് വെള്ളം തുറന്നുവിട്ടിടത്ത് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ച് കര്‍ണാടക അധികൃതര്‍ ഇപ്പോള്‍ 50,000 ക്യൂമെക്സ് വെള്ളം തുറന്നുവിടുന്നുണ്ട്. ഡാമില്‍ വെള്ളം നിറയുന്നതിന് അനുസരിച്ചാണ് വയനാട്ടില്‍ വെള്ളപ്പൊക്കം ഉണ്ടാവുക. ബാണാസുര ഡാമില്‍ ജലനിരപ്പ് 7 മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ മാത്രമേ തുറന്ന് വിടേണ്ട് അവസ്ഥ വരൂവെന്ന് എന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
മലപ്പുറത്ത് കാഞ്ഞിരപ്പുഴ, പുന്നപ്പുഴ, ചാലിയാര്‍ എന്നീ മൂന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുന്നുണ്ട്. നിലമ്പൂര്‍ മേഖലയിലാണ് വലിയ പ്രശ്നമുണ്ടാകുന്നത്. എടക്കര മേഖലയില്‍ പല പാലങ്ങളും വെള്ളത്തിനടിയിലായി. മുണ്ടേരിയില്‍ കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നതിന് ശേഷം ഉണ്ടാക്കിയ താല്‍ക്കാലിക പാലം പൂര്‍ണമായും ഒലിച്ചുപോയി. ഇതോടെ ാണിയമ്പലം കുമ്പളപ്പാറ തുടങ്ങിയ കോളനികള്‍ ഒറ്റപ്പെട്ടുപോയി.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍