• 20 Sep 2020
  • 02: 26 PM
Latest News arrow

അയോധ്യയില്‍ രാമക്ഷേത്രത്തിനായി ഭൂമിപൂജ ചടങ്ങുകള്‍; 40 കിലോ വെള്ളികൊണ്ട് ശിലാസ്ഥാപനം

അയോധ്യ: രാമജന്‍മ ഭൂമിയിലെ പുതിയ ക്ഷേത്രത്തിന്റെ ഭൂമി പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ചയ്ക്ക് 12.30ന് നിര്‍വഹിക്കും. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി അയോധ്യയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 

ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനാണ് സരയൂ നദിക്കരയില്‍ ഇന്ന് തുടക്കമാകുന്നത്. കേന്ദ്ര സേനയുടെ കനത്ത സുരക്ഷാ വലയത്തില്‍ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍. 12.30നും 12.40നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ പ്രധാനമന്ത്രി 40 കിലോ വെള്ളി ശില പാകി ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിടും. രാമജന്‍മഭൂമിയില്‍ ചെമ്പകത്തൈ നട്ട ശേഷമായിരിക്കും ഭൂമി പൂജ. 2000 പുണ്യസ്ഥലങ്ങളില്‍ നിന്നുള്ള മണ്ണും 1500 ഇടങ്ങളില്‍ നിന്നുള്ള വെള്ളവും ഭൂമി പൂജയ്ക്കായി എത്തിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയ്‌ക്കൊപ്പം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, രാമജന്മഭൂമി ന്യാസ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങിന്റെ ഭാഗമാകും. 

പ്രധാനമന്ത്രിയും ആര്‍എസ്എസ് മേധാവിയും യുപി മുഖ്യമന്ത്രിയും സംസാരിക്കും. പുതിയ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള സ്റ്റാംപും പുറത്തിറക്കും. 175 പേര്‍ക്കാണ് ക്ഷണമുള്ളത്. 

100 മുതല്‍ 120 ഏക്കറിലായിട്ടാണ് ക്ഷേത്രം പണികഴിപ്പിക്കുന്നത്. 10 വര്‍ഷമെങ്കിലുമെടുക്കും ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍. മൂന്ന് നിലകളിലായാണ് ക്ഷേത്രത്തിന്റെ രൂപകല്‍പ്പന. അഞ്ച് താഴികക്കുടങ്ങളും, 280 അടി വീതിയും 300 അടി നീളവും 161 അടി ഉയരവും 84,000 അടി ചതുരശ്ര വിസ്തീര്‍ണത്തിലുമാണ് ക്ഷേത്രം പണിയുക.