• 20 Sep 2020
  • 01: 07 PM
Latest News arrow

കോലഞ്ചേരിയില്‍ പീഡനത്തിനിരയായ വൃദ്ധയുടെ നില ഗുരുതരം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: കോലഞ്ചേരിയില്‍ ക്രൂരമായ പീഡനത്തിനിരയായ 75 വയസ്സുകാരിയുടെ നില ഗുരുതരമായി തുടരുന്നു. പീഡനത്തില്‍ അവരുടെ ആന്തരീകാവയവങ്ങള്‍ക്ക് മാരകമായ പരിക്കേറ്റിരുന്നു. അടിയന്തര ചികിത്സ ആവശ്യമായ ഘട്ടത്തില്‍ തന്നെയാണ് അവര്‍ ഇപ്പോഴുള്ളത്. 

കേസില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിട്ടുണ്ട്. ഇതില്‍ ഇടത്തല സ്വദേശി മുഹമ്മദ് ഷാഫി എന്നയാളാണ് പ്രധാന പ്രതി. ഒരു സ്ത്രീയും ഇവരുടെ മകനും കേസില്‍ പ്രതിയായിട്ടുണ്ട്.  ഇവരെ സ്വന്തം വീട്ടില്‍ നിന്നും വിളിച്ചിറക്കി ഒരു കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു വീട്ടില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. 

പീഡനത്തിനിരയായ വൃദ്ധയ്ക്ക് ഓര്‍മ്മക്കുറവുണ്ട്. അതുകൊണ്ട് തന്നെ വാസ്തവത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഇവര്‍ക്ക് വ്യക്തമായി പറയാന്‍ കഴിയാത്തത് കേസിന്റെ തുടക്കം മുതല്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. പല സമയങ്ങളിലും പല കാര്യങ്ങളാണ് ഇവര്‍ പറഞ്ഞിരുന്നത്. തന്‍മൂലം പൊലീസിനെയും ഇത് കുഴപ്പത്തിലാക്കി.

ഞായറാഴ്ച ഉച്ചയോട് കൂടിയാണ് സംഭവം നടക്കുന്നത്. തിങ്കളാഴ്ച വൈകിട്ടോട് കൂടി മാത്രമാണ് പൊലീസിന് സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകുന്നത്.